ഡെറാഡൂൺ: ഉത്തരാഖണ്ഡിന്റെ ഇനിയുളള നാളുകളിൽ പുഷ്‌കർ സിംഗ് ധാമി നയിക്കും. ഖാത്തിമയിൽ നിന്നുളള ബിജെപി എംഎൽഎയായ പുഷ്‌കറിനെ ഇന്ന് ചേർന്ന ബിജെപി നിയമസഭാ കക്ഷിയോഗമാണ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ഇതോടെ നാലര വർഷത്തിനിടെ സംസ്ഥാനത്തെ മൂന്നാമത് മുഖ്യമന്ത്രിയാകുകയാണ് പുഷ്‌കർ സിംഗ്.
2022 ആദ്യമാണ് ഉത്തരാഖണ്ഡിൽ നിയമസഭാ തിരഞ്ഞെടുപ്പ്. വരുന്ന ഏഴ് മാസക്കാലം പാർട്ടിയെ തിരഞ്ഞെടുപ്പിന് തയ്യാറാക്കാനും സർക്കാരിനെ നയിക്കാനുമുളള ഭാരിച്ച ചുമതലയാണ് പുഷ്‌കർ സിംഗ് ധാമി (45)ക്ക് കൈവന്നിരിക്കുന്നത്.
നാല് മാസം മാത്രം നീണ്ടുനിന്ന ഭരണത്തിന് ശേഷം മുഖ്യമന്ത്രി തിരാത്ത് സിംഗ് റാവത്ത് വെളളിയാഴ്‌ച ഗവർണർ ബേബി റാണി മൗര്യയ്‌ക്ക് രാജിക്കത്ത് നൽകിയതോടെയാണ് നിലവിലെ എംഎൽഎമാരിൽ നിന്ന് പുഷ്‌കറിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. കൊവിഡ് സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് സാധിക്കാത്തതിനാൽ ഭരണഘടനാ പ്രതിസന്ധി മറികടക്കാനാണ് തിരാത്ത് രാജിവച്ചത്. പുഷ്‌കർ സിംഗ് ധാമി ഇന്ന് തന്നെ മുഖ്യമന്ത്രിയായി അധികാരമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ.