saroj-khan

മുംബയ്: ഇതിഹാസ നൃത്ത സംവിധായക സരോജ് ഖാന്‍റെ ജീവിതം സിനിമയാകുന്നു. സരോജ് ഖാന്‍റെ ഒന്നാം ചരമവാർഷികദിനമായ ഇന്ന് ടി സീരീസാണ് സരോജ് ഖാനെപ്പറ്റി ഒരുങ്ങുന്ന ബയോപിക്കിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇതോടെ സരോജ് ഖാനായി ഏത് നടിയാകുമെത്തുക എന്ന ആകാംക്ഷയിലാണ് സിനിമാ ലോകം.

സരോജ് ഖാന്‍റെ ജീവിതം സിനിമയാക്കുന്നതിനുളള അനുവാദം അവരുടെ കുടുംബത്തിന്‍റെ പക്കൽ നിന്നും വാങ്ങിയതായി ടി സീരീസ് ഉടമ ഭൂഷൺ കുമാർ ട്വിറ്ററിലൂടെ അറിയിച്ചു. ഇതിഹാസ നൃത്തസംവിധായകയായ സരോജ് ഖാന്‍റെ ജീവിതകഥയുടെ അവകാശം ഞങ്ങൾ നേടിയെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്. കാത്തിരിക്കുകയെന്നാണ് ടി സീരീസിന്‍റെ ട്വീറ്റ്.

We're glad to announce that we've acquired the rights to the legendary choreographer, Saroj Khan's life story.
Stay tuned!#BhushanKumar #SarojKhan #TSeries @TSeries #RajuKhan #SukainaKhan #HinaKhan pic.twitter.com/8lzIrtZFL2

— T-Series (@TSeries) July 3, 2021

നാൽപ്പത് വർഷത്തിലേറെ നീണ്ട കരിയറിൽ 3,500ൽ അധികം ഗാനങ്ങൾക്ക് നൃത്ത സംവിധാനം സരോജ് ഖാൻ ഒരുക്കിയിട്ടുണ്ട്. ‘ദി മദർ ഓഫ് ഡാൻസ്/ കോറിയോഗ്രാഫി ഇൻ ഇന്ത്യ’ എന്നാണ് സരോജ ഖാൻ അറിയപ്പെടുന്നത്.

‘നസറാന’ എന്ന ചിത്രത്തിലൂടെയാണ് സരോജ് ഖാന്‍റെ സിനിമാ പ്രവേശനം. നൃത്ത സംവിധായകൻ ബി സോഹൻലാലിന്‍റെ മാർഗനിർദേശപ്രകാരം ‘മധുമതി’ തുടങ്ങിയ ചിത്രങ്ങളില്‍ സഹനർത്തകിയായി. കുറച്ച് വർഷത്തോളം അദ്ദേഹത്തിനൊപ്പം സഹായിയായി പ്രവർത്തിച്ച സരോജ്, ‘ഗീത മേര നാമി’ൽ (1974) സ്വതന്ത്ര നൃത്ത സംവിധായികയായി.

മിസ്റ്റർ ഇന്ത്യയിലെ ‘ഹവ ഹവായ്’ (1987) എന്ന ഗാനത്തിൽ ശ്രീദേവിക്കായി നൃത്തം ചിട്ടപ്പെടുത്തിക്കൊണ്ടാണ് സരോജ് ശ്രദ്ധിക്കപ്പെട്ടത്. ശ്രീദേവിക്കൊപ്പം ‘നാഗിന,’ ‘ചാന്ദ്‌നി’ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചു. 1990 കളിൽ ‘ഏക് ദോ തീന്‍,’ ‘ഹം കോ ആജ് കൽ ഹായ് ഇന്തിസാര്‍,’ ‘ധക് ധക് കർനെ ലഗ,’ ‘ചോളി കെ പീച്ചെ ക്യാ ഹായ്’ തുടങ്ങി തുടരെ ഹിറ്റുകളായിരുന്നു പിന്നീട്.