gokulam

തിരുവനന്തപുരം: മണിപ്പൂർ സ്വദേശിയും റൈറ്റ് ബാക്കുമായ ദീപക് സിങ്ങിനെ ടീമിലെത്തിച്ച് ഐ ലീഗ് ജേതാക്കളായ ഗോകുലം കേരള എഫ് സി പുതിയ സീസണിലേക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഈ സീസണിലെ ഗോകുലത്തിന്റെ നാലാമത്തെ സൈനിങ്‌ ആണ് 24 വയസ്സുള്ള ദീപക് സിങ്. മണിപ്പൂരിലെ പ്രാദേശിക അക്കാഡമിയിലൂടെ വളർന്നു വന്ന ദീപക്, റോയൽ വഹിങ്‌ദോഹ് എഫ് സിയിലൂടെ ആയിരുന്നു പ്രൊഫഷണൽ ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ട്രാവ് എഫ് സിയെ ഐ ലീഗ് സെക്കന്റ് ഡിവിഷൻ ജേതാക്കളാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു.

കഴിഞ്ഞ സീസണിൽ നേരോക്കയ്ക്കു വേണ്ടി ബൂട്ട് അണിഞ്ഞ ദീപക്, 11 കളികളിൽ സ്റ്റാർട്ട് ചെയ്തു. "ഗോകുലത്തിന്റെ കളി എല്ലാവരും കഴിഞ്ഞ പ്രാവശ്യം കണ്ടതാണ്. ആകർഷകമായ ഫുട്ബോളാണ് ഗോകുലത്തിന്റെ പ്രത്യേകത. ഈ ടീമിന്റെ ഭാഗമായി തീരുവാൻ കഴിഞ്ഞതിൽ വളരെയേറെ സന്തോഷമുണ്ട്. ഈ വർഷവും ഐ ലീഗ് നേടുകയും എ എഫ് സി കപ്പിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്യുകയാണ് ക്ലബ്ബിന്റെ ലക്‌ഷ്യം." ദീപക് പറഞ്ഞു.

"ഫുൾബാക്ക് പൊസിഷനിൽ ഊന്നിയ കളിയാണ് ഗോകുലത്തിന്റേത്. അതിനു ചേർന്ന കളിക്കാരനാണ് ദീപക്. ഈ പ്രാവശ്യം എ എഫ് സി കപ്പും ഉള്ളത് കൊണ്ട് വളരെയധികം തയാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. അതിനു ഉതകുന്ന കളിക്കാരെയാണ് ക്ലബ് തിരഞ്ഞെടുക്കുന്നത്," ഗോകുലം കേരള എഫ് സി പ്രസിഡന്റ് വി സി പ്രവീൺ പറഞ്ഞു.