droplets

കഴിഞ്ഞ ഒന്നേകാൽ വർഷത്തോളമായി മനുഷ്യരാശിക്ക് വലിയ ഭീഷണിയായി പടരുന്ന കൊവിഡിനെ സംബന്ധിച്ച് നിർണായകമായ കണ്ടെത്തൽ. വായുവിലൂടെ പടരുന്ന രോഗമായ കൊവിഡ് അടച്ചിട്ട മുറികളിൽ എളുപ്പം പടർന്നുപിടിക്കാൻ സാദ്ധ്യതയുണ്ടെന്ന് മുൻപ് കണ്ടെത്തിയിരുന്നു.

ഇതിന് കാരണം മനുഷ്യരുടെ സ്രവങ്ങളിൽ നിന്നും പുറത്തുവരുന്ന കൊവിഡ് രോഗാണുവിന് പത്ത് മീ‌റ്റർ സഞ്ചരിക്കാനാണ് സാധാരണ സാധിക്കുക. എന്നാൽ അടച്ചിട്ട മുറികളിൽ മറ്റ് കൊവിഡ് രോഗികളുമുണ്ടെങ്കിൽ അവിടെയുള‌ളവരിൽ രോഗബാധയില്ലാത്തവർക്ക് വായുവിലൂടെ അതിവേഗം രോഗം പടരാൻ രോഗാണുവിന് കഴിയുമെന്നാണ് കൗൺസിൽ ഒഫ് സൈന്റിഫിക്ക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്ഐആർ) നടത്തിയ പഠനത്തിൽ തെളിയുന്നത്.

ഒരു ഓൺലൈൻ മെഡിക്കൽ പ്രസിദ്ധീകരണത്തിലാണ് സിഎസ്‌ഐ‌ആറിന്റെ പുതിയ പഠനഫലം വന്നത്. വായുവിലൂടെ പടരുന്ന രോഗത്തിന്റെ സവിശേഷതകളും കുഴപ്പങ്ങളും അവ ആശുപത്രികളിലെത്തുന്നവർക്കും ആരോഗ്യ പ്രവർത്തകർക്കുമുണ്ടാക്കുന്ന പ്രശ്‌നങ്ങളും മനസിലാക്കാനാണ് ഈ പഠനം നടത്തിയതെന്ന് സിഎസ്ഐആർ അധികൃതർ അറിയിച്ചു.

മൊഹാലിയിലും ഹൈദരാബാദിലുമുള‌ള വിവിധ ആശുപത്രികളിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ ഉപയോഗിച്ചാണ് പഠനം നടത്തിയത്. അടച്ചിട്ട മുറികളിൽ രോഗവ്യാപന സാദ്ധ്യത വളരെയധികം കൂടുതലാണ്. മുറികളിൽ ജനൽ, വാതിൽ എന്നിവ തുറന്നിടുമ്പോൾ വായുസഞ്ചാരം ലഭിക്കുകയും അത്തരത്തിൽ കൊവിഡ് രോഗം പടരാൻ സാദ്ധ്യത കുറയുകയും ചെയ്യുന്നു. അൾട്രാവയലറ്റ് ലൈറ്റ് ഉപയോഗിച്ചുള‌ള അണുനശീകരണവുമെല്ലാം ഫലം ചെയ്യുന്നവ തന്നെയെന്നും പഠനത്തിൽ പറയുന്നു.