ഭോപ്പാൽ: മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മണ്ഡലമായ ബുധ്നിയിൽ നിർമിച്ച പാലം ഉദ്ഘാടനം ചെയ്തതിന് കോൺഗ്രസ് എം.എൽ.എ സജ്ജൻ സിംഗ് വർമക്കെതിരെ പൊലീസ് കേസെടുത്തു.
പൊതുമരാമത്ത് വകുപ്പ് സബ് ഡിവിഷണൽ ഓഫിസർ സോമേഷ് ശ്രീവാസ്തവിന്റെ പരാതിയിലാണ് കേസ്.
കഴിഞ്ഞവർഷം മഴക്കാലത്ത് പാലം തകർന്നിരുന്നു. തുടർന്ന് നാലു കോടി മുതൽ മുടക്കി പുനർനിർമിക്കുകയായിരുന്നു. പാലത്തിന്റെ ബലപരിശോധന നടത്തിയിട്ടില്ലെന്നും അതിനാൽ രണ്ടുമൂന്നു ദിവസത്തിന് ശേഷമേ ഉദ്ഘാടനം ചെയ്യാവൂവെന്നും അധികൃതർ അറിയിച്ചു.
എന്നാൽ, ജൂൺ 30ന് സിംഗ് പാലം ഉദ്ഘാടനം ചെയ്തെന്ന് ശ്രീവാസ്തവ് പരാതിയിൽ പറയുന്നു. സിംഗിനെതിരെ കൂടാതെ എട്ടോളം പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ഞാൻ ഉദ്ഘാടനം നടത്തിയ നടപടി മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചു. അതിനാലാണ് കേസെടുത്തതെന്ന് സിംഗ് ആരോപിച്ചു. പണി പൂർത്തീകരിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത് തന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.