mar-gregorios

തിരുവനന്തപുരം :വിദ്യാഭ്യാസപരമായും സാമൂഹികമായും മുന്നിൽ നിൽക്കുന്ന, കേരളത്തിൽ നിലനിൽക്കുന്ന ലിംഗ വിവേചനത്തിന്റെ പ്രതിഫലനമാണ് സ്ത്രീധനവുമായി ബന്ധപ്പെട്ട് ഇന്നും നടക്കുന്ന മരണങ്ങളും അക്രമണങ്ങളുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു.

മാർ ഗ്രിഗോറിയോസ് കോളേജ് ഓഫ് ലോ, സെന്റർ ഫോർ വുമൺ ആൻഡ് ലോ എന്നിവയുടെ ആഭിമുഖ്യത്തിൽ 'സ്ത്രീധനം പ്രാകൃതമായ ആചാരം നിയമവ്യവസ്ഥയുടെ അപചയമോ? 'എന്ന വിഷയത്തിൽ ചർച്ച ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ലിംഗ സമത്വത്തിന്റെ പാഠം കുടുംബങ്ങളിൽ നിന്നും തന്നെ തുടങ്ങണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തുടർന്ന് നടന്ന ചർച്ചയിൽ പാനൽ അംഗങ്ങളായി റിട്ടയേർഡ് ജസ്റ്റിസ് ഹേമ, ഹൈക്കോടതി അഭിഭാഷക അഡ്വ. ജാസ്മിൻ, എസ്‌ഇ‌ഡബ്ളുഎ സെക്രട്ടറി ഡോ. സോണിയ ജോർജ്, പ്രശസ്ത ക്രിമിനോളജിസ്ര് ഡോ. ജെയിംസ് വടക്കുംചേരി എന്നിവർ പങ്കെടുത്തു.

സ്ത്രീകളുമായും സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോടതികൾ പോലും മുൻവിധിയോട് ആണ് ഇടപെടുന്നതെന്നും അത് തികച്ചും സ്ത്രീ വിരുദ്ധമാണെന്നും അഭിപ്രായപ്പെട്ട റിട്ടയേർഡ് ജസ്റ്റിസ് ഹേമ സ്ത്രീധന മരണങ്ങളുടെ കാര്യത്തിൽ കോടതികൾ എടുക്കുന്ന നിലപാട് കൂടുതൽ സ്ത്രീ സൗഹൃദപരമാകണമെന്നും സൂചിപ്പിച്ചു. സ്ത്രീധന മരണങ്ങളുമായി നടക്കുന്ന കുറ്റാന്വേഷണം പലപ്പോഴും ശാസ്ത്രീയവും കൃത്യതയുള്ളതുമല്ല എന്നും, പോലീസ് സംവിധാനം കൂടുതൽ സ്ത്രീ പക്ഷത്തു നിന്നുകൊണ്ട് ഇത്തരം കുറ്റാന്വേഷണം നടത്തണമെന്നും, യാതൊരു തരത്തിലും ഉള്ള ഒത്തു തീർപ്പ് ഈ കാര്യത്തിൽ ഉണ്ടാവരുതെന്നും ഡോ. ജെയിംസ് വടക്കുംചേരി ഓർമിപ്പിച്ചു.

എൽ. എൽ. എം വിദ്യാർത്ഥി കസ്തൂരിയും ഗവേഷക വിദ്യാർത്ഥി അമൃത സതീശനും മോഡറേറ്റർമാരായ ചർച്ചയിൽ കോളേജ് ഡയറക്ടർ ഫാ. ഡോ. കോശി ഐസക് പുന്നമൂട്ടിൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജോൺ. പി. സി., സെന്റർ ഡയറക്ടർ റീയ സൂസൻ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ളവർ ചർച്ചയിൽ പങ്കെടുത്തു.