v-muraleedharan

തിരുവനന്തപുരം: സ്വര്‍ണക്കടത്തും കൊവിഡ് മരണക്കണക്കിലെ കള്ളക്കളിയുമടക്കം സി.പി.എം അകപ്പെട്ട വിവാദങ്ങളില്‍ നിന്ന് തലയൂരാനാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരായി നീക്കം നടത്തുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സി.പി.എം പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങള്‍ നടത്തുന്ന കൊള്ളയും പിടിച്ചുപറിയും കണ്ടെത്താന്‍ സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത് പരിഹാസ്യമാണ്. കൊടകര മുതല്‍ കരിപ്പൂര്‍ വരെ കേരളത്തിലെ എല്ലാ അധോലോക ഇടപാടുകളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പാലൂട്ടി വളര്‍ത്തുന്ന ക്രിമിനല്‍ സംഘങ്ങളാണ് നടത്തുന്നത്. അത് പുറത്തായതിന്‍റെ ജാള്യത മറയ്ക്കാനാണ് സുരേന്ദ്രനെ കേസിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നും മുരളീധരൻ ഫേസ്ബുക്കിൽ ആരോപിച്ചു.

വി. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്

സ്വര്‍ണക്കടത്തും കൊവിഡ് മരണക്കണക്കിലെ കള്ളക്കളിയുമടക്കം സി.പി.എം അകപ്പെട്ട വിവാദങ്ങളില്‍ നിന്ന് തലയൂരാനാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരായ നീക്കം. സി.പി.എം പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഗൂണ്ടാസംഘങ്ങള്‍ നടത്തുന്ന കൊള്ളയും പിടിച്ചുപറിയും കണ്ടെത്താന്‍ സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത് പരിഹാസ്യമാണ്.

കൊടകര മുതല്‍ കരിപ്പൂര്‍ വരെ കേരളത്തിലെ എല്ലാ അധോലോക ഇടപാടുകളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പാലൂട്ടി വളര്‍ത്തുന്ന ക്രിമിനല്‍ സംഘങ്ങളാണ് നടത്തുന്നത്. അത് പുറത്തായതിന്‍റെ ജാള്യത മറയ്ക്കാനാണ് സുരേന്ദ്രനെ കേസിലേക്ക് വലിച്ചിഴയ്ക്കുന്നത്. കേന്ദ്ര ഏജന്‍സികളെയല്ല സംസ്ഥാന ഏജന്‍സികളെയാണ് ഭരിക്കുന്നവര്‍ രാഷ്ട്രീയ വേട്ടയാടലിന് ഉപയോഗിക്കുന്നതെന്ന് വ്യക്തം. ദേശീയപാതയിലെ പിടിച്ചുപറിയും ബി.ജെ.പിയുമായി എന്ത് ബന്ധമെന്ന് കേരള പൊലീസ് പറയട്ടെ. കള്ളപ്പണമാണ് വിഷയമെങ്കില്‍ അത് അന്വേഷിക്കേണ്ടത് പൊലീസല്ല.‌

നാടിന്‍റെ സ്വത്തായ രാജകീയ വൃക്ഷങ്ങള്‍ മുറിച്ചു കടത്തിയവര്‍ ഇപ്പോഴും സ്വൈര്യവിഹാരം നടത്തുന്നത് കേരള പൊലീസിനെ ബാധിക്കുന്നേയില്ല. വനംകൊള്ളക്കാരെ തൊടാന്‍ ധൈര്യമില്ലാത്ത പിണറായിയുടെ പൊലീസ് ബി.ജെ.പിക്കെതിരെ തിരിയുന്നത് രാഷ്ട്രീയ പകപോക്കലിനാണ്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് അന്വേഷണം കണ്ണൂരിലെ പാര്‍ട്ടിയാഫീസുകളിലേക്കെത്തുന്നതിന്‍റെ വെപ്രാളമാണ് ഇപ്പോള്‍ കാണുന്നത്. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള വില കുറഞ്ഞ ഈ തന്ത്രം വിലപ്പോവില്ലെന്ന് സി.പി.എം മനസിലാക്കുന്നത് നന്നാവും.