കോഴിക്കോട് : കരിപ്പൂർ സ്വർണക്കടത്തു കേസിൽ കസ്റ്റംസിന്റെ അന്വേഷണം ടി,പി വധക്കേസ് പ്രതികളായ കൊടി സുനിയിലേക്കും മുഹമ്മദ് ഷാഫിയിലേക്കും. ഷാഫിയുടെ വീട്ടിൽ കസ്റ്റംസ് പരിശോധധനയും തെളിവെടുപ്പും നടത്തി. കടത്തുസ്വർണം കവർച്ച ചെയ്യുന്നതിന്റെ ആസൂത്രണം സുനിയും ഷാഫിയുമാണെന്ന് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷാഫിയുടെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയത്.
ഇവിടെ നിന്നും ചില നിർണായക രേഖകൾ കണ്ടെടുത്തതായി കസ്റ്റംസ് അറിയിച്ചു. ഇതോടൊപ്പം ലാപ്ടോപ്പും, പൊലീസ് യൂണിഫോമിലെ സ്റ്റാറും കണ്ടെടുത്തു. ഈ മാസം ഏഴിന് കസ്റ്റംസ് ഓഫീസിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് ഷാഫിക്ക് കസ്റ്റംസ് നോട്ടീസ് നൽകി. ഷാഫിയുടെ വീട്ടിലെ പരിശോധനയ്ക്ക് ശേഷം കസ്റ്റംസ് സംഘം കൊടി സുനിയുടെ വീട്ടിലെത്തിയെങ്കിലും വീട് അടച്ചിട്ട നിലയിലായിരുന്നു. കൊടി സുനിക്ക് വിയ്യൂർ ജയിലിലെത്തി സമൻസ് നൽകും.