തൃപ്പൂണിത്തുറ: മദ്യലഹരിയിലുണ്ടായ വഴക്കിനിടെ അച്ഛന്റെ കുത്തേറ്റ് മകൻ മരിച്ചു. ഉദയംപേരൂർ വലിയകുളം മുച്ചൂർക്കാവിന് സമീപം ഞാറ്റിയേൽ വീട്ടിൽ മണി (70 )യുടെ മകൻ സന്തോഷാണ് (42) മരിച്ചത്. മണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. തെങ്ങുകയറ്റത്തൊഴിലാളിയാണ് മണി. മദ്യപിച്ചുള്ള വഴക്ക് ഇവരുടെ വീട്ടിൽ പതിവായതിനാൽ സമീപവാസികൾ ഇടപെട്ടിരുന്നില്ല. വെള്ളിയാഴ്ച രാത്രിയും സന്തോഷ് അമിതമായി മദ്യപിച്ചു വന്ന് മണിയുമായി വഴക്കിട്ടു. ഇതിനിടെ മണി മകനെ കത്തികൊണ്ട് കുത്തുകയായിരുന്നു. നെഞ്ചിൽ കുത്തേറ്റ സന്തോഷ് തൽക്ഷണം മരിച്ചു. മണി തന്നെയാണ് മകനെ കൊലപ്പെടുത്തിയ വിവരം അയൽവാസികളെ അറിയിച്ചത്. തുടർന്ന് ഉദയംപേരൂർ പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. മണി കാൻസർ രോഗിയാണ്.
സന്തോഷും മണിയും മാത്രമാണ് വീട്ടിൽ താമസം. സന്തോഷിന്റെ അമ്മ നേരത്തെ മരിച്ചു. സഹോദരൻ രതീഷ് ഇവരുടെ അമിത മദ്യപാനവും വഴക്കും മൂലം ബന്ധുവീട്ടിലാണ് താമസം. സന്തോഷ് പെയിന്റിംഗ് തൊഴിലാളിയാണ്. അവിവാഹിതനും. കൊവിഡ് സ്ഥിരീകരിച്ചതിനാൽ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കാരം നടത്തും.
സ്റ്റേഷൻ ഓഫീസർ സി.ഐ ജോസഫ് ലിയോണിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ബിജു,സാബു , അനിൽ, എ.എസ്.ഐ മാരായ ജയശങ്കർ തുടങ്ങിയവരുടെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു.