suicide

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ വീടുകൾക്കുള്ളിൽ സ്ത്രീസുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി യുവതി ആത്മഹത്യ ചെയ്തു. വിദ്യാപുരം കോളനിയിലെ മോന ദ്വിവേദിയാണ് (30) ആത്മഹത്യ ചെയ്തത്. നാടൻ തോക്ക് ഉപയോഗിച്ച് സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. രണ്ട് കുട്ടികളുടെ അമ്മയാണിവർ.

വെള്ളിയാഴ് രാവിലെ വീട്ടിൽ വച്ച് ഇവർ സ്വയം വെടിയുതിർത്തു. ശബ്ദം കേട്ട് കുടുംബാംഗങ്ങൾ എത്തിയപ്പോൾ രക്തത്തില്‍ കുളിച്ച നിലയില്‍ മോനയെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരണത്തിന് മുമ്പ് മൂന്ന് പേജ് വരുന്ന ഒരു കുറിപ്പ് മോന കുടുംബാംഗങ്ങളുടെ ഫോണിലേക്ക് അയച്ചിരുന്നു. പ്രധാനമന്ത്രി വായിക്കാനായി എഴുതിയ കുറിപ്പ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.

എന്റെ മരണത്തിന് കാരണം ഭർതൃസഹോദരന്മാരുടെ പീഡനമാണ്. അംബുജ്, പങ്കജ് എന്നീ ഭർതൃസഹോദരന്മാർ ഭരിക്കുന്ന പാർട്ടിയുടെപ്രവർത്തകരാണ്. എന്നെ അവ‌ർ സ്ഥിരം മർദ്ദിക്കും. ഞാൻ ഒരു ദരിദ്രകുടുംബാംഗമാണ്. അമ്മ ചെറുപ്പത്തിലേ മരിച്ചു. അച്ഛൻ മദ്യപാനിയായിരുന്നു. ഞാൻ നേരിടുന്ന ദുരവസ്ഥ ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്നാണ് ഭർതൃസഹോദരന്മാർ ഭീഷണിപ്പെടുത്തിയത് - മോന കത്തിൽ കുറിച്ചു.

16ാം വയസിലാണ് എന്റെ വിവാഹം നടന്നത്. ഭർത്താവ് ഉപേക്ഷിക്കുമോയെന്ന ഭയം കാരണം ഇതിനെക്കുറിച്ചൊന്നും അദ്ദേഹത്തോട് പറയാനായില്ലെന്നും യുവതി കത്തിൽ പറയുന്നു.

യുവതിയുടെ മരണം ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് യു.പി പൊലീസ് വ്യക്തമാക്കി. ചെറിയ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ഭർതൃസഹോദരന്മാർ യുവതിയെ പരിഹസിക്കാറുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.