ആലുവ : ആലങ്ങാട്ട് ഗർഭിണിയെ മർദ്ദിച്ച കേസിൽ ഭർത്താവ് ജൗഹറിനെ പൊലീസ് അറസ്റ്റുചെയ്തു. ആലുവ മുപ്പത്തടത്ത് നിന്ന് ആലങ്ങാട് പൊലീസാണ് ഇയാളെ പിടികൂടിയത്. ജൗഹറിന്റെ സുഹൃത്ത് പറവൂർ മന്നം സ്വദേശി സഹലിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ആറാം പ്രതിയാണിയാൾ.
ആലുവ ആലങ്ങാട് സ്വദേശി നഹ്‌ലത്തിനാണ് ഭർതൃവീട്ടിൽ ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും യുവതിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് പറവൂർ മന്നം സ്വദേശി ജൗഹർ നഹ്ലത്തിനെ വിവാഹം കഴിച്ചത്. പിന്നാലെ സ്ത്രീധനത്തിന്റെ പേരിൽ യുവതിക്ക് ഭർത്താവിന്റെയും വീട്ടുകാരുടേയും ഭാഗത്ത് നിന്ന് ക്രൂരപീഡനമാണ് ഏൽക്കേണ്ടിവന്നത്.
കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയ നഹ് ലത്തിന്റെ പിതാവ് സലീമിനും മർദ്ദനമേറ്റിരുന്നു. ജൗഹറും സുഹൃത്തുക്കളും ചേർന്നായിരുന്നു യുവതിയുടെ പിതാവിനെ മർദ്ദിച്ചത്.
തുടർന്ന് ഭർത്താവ് ജൗഹർ, ജൗഹറിനവ്റെ അമ്മ സുബൈദ, ജൗഹറിന്റെ സഹോദരിമാരായ ഷബീന, ഷറീന, ജൗഹറിന്റെ സുഹൃത്ത് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഗാർഹിക പീഡന വകുപ്പ് ചുമത്തിയതിനാൽ അന്വേഷണം നടത്തിയ ആലങ്ങാട് സി,ഐ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു
.
അതേസമയം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സന്ദർശിച്ചു. പ്രതികളെ ആദ്യസമയങ്ങളിൽ തന്നെ അറസ്റ്റ് ചെയ്യാതിരുന്ന പൊലീസിന്‍റെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്ഥ ഉണ്ടായെന്ന് വി ഡി സതീശൻ പറഞ്ഞു.