കോട്ടയം: മുണ്ടക്കയത്ത് വനം മേഖലയിൽ ചാരായവാറ്റ് തുടരുന്നു. ഇന്നലെ പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പുഞ്ചവയൽ കാരിശ്ശേരി തേക്ക്പ്ലാന്റേഷൻ ഭാഗത്ത് നടന്ന റെയ്ഡിൽ 1235 ലിറ്റർ കോടപിടികൂടി. കാടിനുള്ളിൽ ചാരായത്തിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ആഴ്ചയിലും ഇവിടെ എക്സൈസ് റെയ്ഡ് നടത്തി കോടയും ചാരായവും പിടിച്ചെടുത്തിരുന്നു. കുഴിമാവ് ചെങ്കമലക്കാനയ്ക്ക് സമീപം വനത്തോട് ചേർന്നുകിടക്കുന്ന മുക്കുളംപുറത്ത് വീട്ടിൽ എം.ടി സാമിന്റെ വിട്ടിൽ നിന്ന് എട്ട് ലിറ്റർ ചാരായവും 95 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തിരുന്നു. പ്ലാച്ചേരി വനംമേഖല വാറ്റുകേന്ദ്രമായി മാറിയിരിക്കയാണ്.
കാട്ടരുവികളുടെ സമീപത്തായിട്ടാണ് വാറ്റ് നടക്കുന്നത്. ശർക്കരയും വാറ്റുപകരണങ്ങളും തലച്ചുമടായാണ് സ്ഥലത്ത് എത്തിക്കുന്നത്. ചാരായവും വില്പനക്കായി കൊണ്ടുപോവുന്നത് പ്ലാസ്റ്റിക് ജാറുകളിലായാണ്. വൻ തോതിലാണ് ദിവസവും ഇവിടെനിന്ന് ചാരായം പുറത്തേക്ക് കൊണ്ടുപോവുന്നത്.
രണ്ടാഴ്ചയായി കുഴിമാവ് , കോപ്പാറ വനമേഖല, 504 കോളനി, പുഞ്ചവയൽ, പാക്കാനം, കാരിശ്ശേരി ഭാഗങ്ങളിൽ പരിശോധന നടത്തിവരികയാണ് എക്സൈസ്. എക്സൈസ് ഇൻസ്പെക്ടർ അമൽ രാജനും പ്ലാച്ചേരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അരുൺ ജി. നായരും ചേർന്നാണ് വനമേഖലയിൽ പരിശോധന നടത്തിയത്. ഈ പ്രദേശങ്ങളിൽ വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കുമെന്നും പ്രതികളെപ്പറ്റി സുചന ലഭിച്ചതായും എക്സൈസ് അധികൃതർ അറിയിച്ചു.