കോട്ടയം: കെയ്സ് കണക്കിന് വിദേശമദ്യം വാങ്ങിവച്ച് പെഗ് കണക്കിന് വില്പന നടത്തിവന്നിരുന്ന മധ്യവയസ്കൻ അറസ്ര്റിൽ. മണർകാട് ഒറവയ്ക്കൽ വടക്കൻമണ്ണൂർ രാജൻമാണിയാണ് (56) അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നിന്ന് 10 ലിറ്റർ മദ്യം എക്സൈസ് കണ്ടെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വീട്ടിൽ വച്ചാണ് മദ്യവില്പന നടന്നിരുന്നതെന്ന് എക്സൈസ് വ്യക്തമാക്കി. ടച്ചിംഗ്സും വീട്ടിൽ മദ്യത്തോടൊപ്പം നല്കിയിരുന്നു. ഒരു മുട്ട ഫ്രീയായിട്ടാണ് കൊടുത്തിരുന്നത്. കപ്പയും ബീഫ് കറിയും ഇവിടെ റെഡിയാണ്. പക്ഷേ, പണം നല്കണം. ബാറിലെ വിലയേക്കാൾ പത്തു രൂപ പെഗിന് കൂട്ടിയാണ് ഇവിടെ വിദേശമദ്യം വിറ്റുവന്നിരുന്നത്.
അരീപ്പറമ്പ്, ഒറവയ്ക്കൽ എന്നിവിടങ്ങളിൽ വീടുകൾ കേന്ദ്രീകരിച്ച് മദ്യവിൽപ്പന വ്യാപകമായി നടക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഒരാഴ്ചയായി ഈ ഭാഗങ്ങളിൽ എക്സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. റെയ്ഡിൽ പാമ്പാടി എക്സൈസ് ഇൻസ്പെക്ടർ പി.കെ.സതീഷ്, പ്രിവന്റീവ് ഓഫീസർമാരായ കെ.എൻ. വിനോദ്, ജെക്സി ജോസഫ്, അനിൽ വേലായുധൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ആന്റണി സേവ്യർ, സുഭാഷ്, മനു ചെറിയാൻ എന്നിവരും പങ്കെടുത്തു.