കൊച്ചി: ഭിന്നശേഷിക്കാരായ കുട്ടികളെക്കൂടി പരിഗണിക്കുന്ന ഡിജിറ്റൽ വിദ്യാഭ്യാസ പദ്ധതി തയ്യാറാക്കണമെന്ന് നോർക്ക ഡയറക്ടറും ബെഹ്‌സാദ് ഗ്രൂപ്പ് ചെയർമാനുമായ ജെ.കെ. മേനോൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം നടപ്പാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച പ്രവാസികളുടെ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു ജെ.കെ.മേനോൻ.
സ്‌പെഷ്യൽ സ്‌കൂളുകളിലെ വിദ്യാർത്ഥികളെക്കൂടി ഉൾക്കൊള്ളിച്ചുള്ള ഡിജിറ്റൽ വിദ്യാഭ്യാസനയം രൂപീകരിക്കണം. സ്‌പെഷ്യൽ വിദ്യാർത്ഥികളെ ഓൺലൈൻ വഴി പഠിപ്പിക്കാൻ പ്രത്യേക സംവിധാനമൊരുക്കണം. ഫിസിയോ തെറാപ്പി പോലുള്ള സ്‌പെഷ്യൽ കെയർ വീടുകളിൽ ലഭ്യമാക്കണം.
ഓൺലൈൻ ക്ലാസുകൾക്ക് വേണ്ടി പ്രത്യേക ഡിജിറ്റൽ ആപ്പ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുക്കണം. മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കണമെന്നും ജെ.കെ. മേനോൻ പറഞ്ഞു.
ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം.എ. എബ്രഹാം, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ, ഐ.ടി പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ഡോ. രവിപിള്ള, ഡോ. ആസാദ് മൂപ്പൻ, ഡോ.എം. അനിരുദ്ധൻ, ഒ.വി. മുസ്തഫ, സി.വി. റപ്പായി തുടങ്ങിയ പ്രവാസി വ്യവസായ പ്രമുഖർ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.