a

ഫോണിൽ വിളിച്ച് മുഖ്യമന്ത്രി, കമൽ, മമ്മൂട്ടി

പൂച്ചെണ്ടും പൊന്നാടകളുമായി സന്ദർശകർ

തിരുവനന്തപുരം: ലോക്ക് ഡൗണിനു ശേഷം ഇത്രമേൽ തിരക്കേറിയ ദിവസം അടൂർ ഗോപാലകൃഷ്ണന് ഉണ്ടായിട്ടില്ല. രാവിലെ മുതൽ പിറന്നാൾ ആശംസകളുമായി ഫോൺ നിറുത്താതെ ശബ്ദിച്ചു. പിന്നെ ചെറുവയ്ക്കലിലെ വീട്ടിലേക്ക് സന്ദർശകരുടെ പ്രവാഹവും. അടൂർ എന്ന സ്ഥലനാമത്തെ മലയാള സിനിമയുടെ വിലാസമാക്കിയ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന് ഇന്നലെ 80-ാം പിറന്നാളായിരുന്നു.

രാവിലെ ആദ്യം വിളിച്ച് ആശംസ അറിയിച്ചവരുടെ കൂട്ടത്തിൽ കമലഹാസനും മമ്മൂട്ടിയുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ആശംസ അറിയിക്കാനായി മൊബൈൽ ഫോണിൽ വിളിച്ചപ്പോൾ നേരത്തേ വാക്ക് നൽകിയ ഒരു ഓൺലൈൻ ഇന്റർനാഷണൽ സെമിനാറിൽ പങ്കെടുക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഫോൺ വിളി പ്രതീക്ഷിക്കാത്തതിനാൽ മൊബൈൽ ഫോൺ സഹായിക്ക് നൽകിയാണ് അടൂർ സെമിനാറിൽ പങ്കെടുത്തത്.

പൂച്ചെണ്ടുകളും പൊന്നാടകളുമായാണ് സ‌ന്ദർശകർ എത്തിയത്. കർദ്ദിനാൾ മാർ ബസേലിയോസ് കാതോലിക്കാ ബാവയാണ് ആദ്യം വന്നത്. പിറന്നാൾ കേക്കും അദ്ദേഹം കരുതിയിരുന്നു. മുറിച്ച് അടൂരിന് നൽകി. അതൊരു തുടക്കം മാത്രമായിരുന്നു. പ്രമേഹത്തിന്റെ പ്രശ്നമില്ലാത്തതിനാൽ മധുരമെല്ലാം ആസ്വദിച്ചു കഴിച്ചുവെന്ന് അടൂർ ഗോപാലകൃഷ്ണൻ ചിരിയോടെ പറഞ്ഞു.

''എല്ലാ മലയാളികളുടെയും അഭിമാനത്തിന്റെ രൂപമായ അടൂർ ഗോപാലകൃഷ്ണൻ കേരളത്തിന്റെ മനസുകളെ ഒരുമിച്ച് നിർത്തിയ അനുഗൃഹീതനായ കലാകാരനാണ്'' - കർദ്ദിനാൾ പറഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോഴേക്കും മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, മുൻ മന്ത്രി വി.എസ്.ശിവകുമാർ, നടൻ ഇന്ദ്രൻസ് തുടങ്ങിയവർ ആശംസയുമായെത്തി. കട്ടേല എ.എം.ആർ.എച്ച്.എസ്.എസിലെ എസ്.പി.സി.കേഡറ്റുകൾ രണ്ടു വർഷം മുമ്പ് അടൂരിന്റെ വീട്ടുമുറ്റത്ത് നട്ട മാവിൻ തൈയ്ക്ക് വൃക്ഷപൂജ ചെയ്തു. എസ്.പി.സി.യുടെ നേതൃത്വത്തിൽ അടൂരിന് പിറന്നാൾ കേക്കും സമ്മാനിച്ചു. വിദ്യാർത്ഥികളായ ബിജി, കാർത്തിക, അദ്ധ്യാപകരായ ബിനിമോൾ, സജിനി, എസ്.പി.സി സിറ്റി അസിസ്റ്റന്റ്‌നോഡൽ ഓഫീസർ ഗോപൻ എന്നിവരും എത്തിയിരുന്നു.