ന്യൂഡൽഹി: റാഫേൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ ഫ്രാൻസിൽ അന്വേഷണം ആരംഭിച്ചു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്. അഴിമതി ആരോപണത്തിലെ സത്യം പുറത്തുവരാന്‍ ഏകവഴി സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നിട്ടിറങ്ങി അന്വേഷണത്തിന് ഉത്തരവിടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
റാഫേൽ ഇടപാടിലെ അഴിമതി ഇപ്പോൾ വ്യക്തമായി പുറത്ത് വന്നിട്ടുണ്ട്. ഫ്രഞ്ച് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടതോടെ കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും നിലപാട് ശരിയാണെന്ന് തെളിഞ്ഞു. ഇടപാടിൽ അഴിമതിയുണ്ടെന്ന് ഫ്രഞ്ച് സർക്കാർ അംഗീകരിച്ച സാഹചര്യത്തിൽ അഴിമതി നടന്ന രാജ്യത്ത് ജെ.പി.സി അന്വേഷണം നടത്തേണ്ടതല്ലെയെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പ്രതികരിച്ചു.
56000 കോടി രൂപയ്ക്ക് ഫ്രാന്‍സില്‍ നിന്ന് 37 യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങിയതിൽ അഴിമതി ഉണ്ടെന്ന ആരോപണം നേരത്തെ തന്നെ ശക്തമാണ്. ഇന്ത്യയില്‍ ഈ കരാര്‍ സംബന്ധിച്ച് നേരത്തെ അന്വേഷണം നടന്നിരുന്നെങ്കിലും ക്രമക്കേട് നടന്നിട്ടില്ലെന്നാണ് സുപ്രീംകോടതിയും കണ്ടെത്തിയത്. ഫ്രാൻസിൽ ഈ ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് റാഫേൽ വിവാദം വീണ്ടും സജീവമാവുകയാണ്.