ന്യൂഡൽഹി: അപകടകരമാം വിധം വാഹനം ഓടിച്ചതിനിന് ആറുമാസം തടവിന് വിധിച്ച ബസ് ഡ്രെെവർ തടവ് ശിക്ഷയിൽ നിന്നും മുക്തനാകാൻ നിയമയുദ്ധം നടത്തിയത് 26 വർഷം. അവസാനം ശിക്ഷയിൽ നിന്നും ഒഴിവാകാൻ സുപ്രീംകോടതി കയറിയ ഡ്രെെവർക്ക് പരമോന്നത കോടതി വിധിച്ചതാകട്ടെ വെറും രണ്ടായിരം രൂപയും.
കോഴിക്കോട് സ്വദേശി സുരേന്ദ്രനാണ് വർഷങ്ങൾ നീണ്ട ഇത്തരമൊരു നിയമ പോരാട്ടം നടത്തിയത്. സുരേന്ദ്രനെ ഇപ്പോൾ ജയിലിലേക്ക് അയയ്ക്കുന്നത് ഭാര്യയും നാലുമക്കളും അടങ്ങിയ കുടുംബത്തെ പരിഭ്രാന്തിയിലാക്കുകയെ ഉളളൂ എന്നതിനോട് ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുളള ബെഞ്ച് യോജിക്കുകയായിരുന്നു.
കേസിന്റെ ഇപ്പോഴത്തെ സാഹചര്യവും വസ്തുതകളും നോക്കുമ്പോൾ സംഭവം നടന്ന് 26 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ആറുമാസത്തെ തടവിന് ബദൽ നൽകുവാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നുവെന്നും ജസ്റ്റിസ് ഭൂഷൻ വിധിന്യായത്തിൽ പറഞ്ഞു. സുരേന്ദ്രന്റെ അഭിഭാഷകൻ പി.എ. നൂർ മുഹമ്മദിനോട് ഒരു മാസത്തിനുളളിൽ പിഴ അടയ്ക്കണമെന്നും കോടതി നിർദ്ദേശിച്ചു.
1995 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുരേന്ദ്രന്റെ ബസ് ഒരു കാറിൽ ഇടിക്കുകയും ഡ്രെെവർക്ക് പരിക്ക് പറ്റുകയുമായിരുന്നു. നാലുവർഷത്തിനുശേഷം 1999ൽ പ്രാദേശിക മജിസ്ട്രേറ്റ് അദ്ദേഹത്തിന് ആറുമാസം തടവും 500 രൂപ പിഴയും വിധിച്ചു. മേൽകോടതിയെ സമീപിച്ചെങ്കിലും 2003ൽ സുരേന്ദ്രന്റെ അപ്പീൽ സെഷൻസ് കോടതി തളളി.
ഹെെക്കോടതിയെ സമീപിച്ചെങ്കിലും വിധിന്യായത്തിൽ ഇടപെടാൻ ഒരു കാരണവും ഹെെക്കോടതിയും കണ്ടെത്തിയില്ല. പിന്നാലെ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. എന്നാൽ പ്രോസിക്യൂഷന് വേണ്ടി ആരും മറുഭാഗത്ത് കൃത്യമായി ഹാജരായില്ല. ഇതോടെ രണ്ട് പതിറ്റാണ്ടിലേറെയായ സംഭവത്തിന്റെ പേരിൽ ജയിലിലേക്ക് അയക്കുന്നത് പരിഹരിക്കാനാകാത്ത പരിക്കിന് കാരണമാകും എന്ന സുരേന്ദ്രന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.