arjun

കൊച്ചി:കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതിയായ അർജുൻ ആയങ്കിയെ ഇന്ന് കൊച്ചിയിലെത്തിക്കും. ഇന്നലെ കസ്റ്റംസ് ഇയാളെ കണ്ണൂർ അഴിക്കോട്ടെ വീട്ടിലടക്കമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് ലാപ്‌ടോപ് ഉൾപ്പടെയുള്ള ഉപകരണങ്ങൾ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ ഉപകരണങ്ങൾ പരിശോധനയ്ക്ക് അയക്കും.

അർജുൻ ആയങ്കി, മുഹമ്മദ്‌ ഷഫീഖ് എന്നിവരുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും.ടി പി വധക്കേസ് പ്രതികളായ കൊടി സുനിയും, മുഹമ്മദ് ഷാഫിയും സ്വ‌ർണക്കടത്തിലും, ഒളിവിൽ കഴിയാനും തന്നെ സഹായിച്ചിരുന്നുവെന്ന് അർജുൻ ഇന്നലെ മൊഴി നൽകിയിരുന്നു.

അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാഫിയുടെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും ചില നിർണായക രേഖകൾ കണ്ടെടുത്തതായി അന്വേഷണ സംഘം അറിയിച്ചു. ഈ മാസം ഏഴിന് കസ്റ്റംസ് ഓഫീസിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് ഷാഫിക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്.