omana

പൂവാർ: റിട്ട. അദ്ധ്യാപികയുടെ മരണത്തിൽ മകൻ അറസ്റ്റിൽ.പൂവാർ പാമ്പുകാല ഊറ്റുകുഴിയിൽ പരേതനായ പാലയ്യന്റെ ഭാര്യ ഓമന(70)യാണ് കൊല്ലപ്പെട്ടത്. മുൻ സൈനികനായ മകൻ വിപിൻദാസി(39)നെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് വയോധികയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

വ്യാഴാഴ്ച ഉച്ചയോടെ വിപിൻദാസ് ശവപ്പെട്ടിയുമായി വരുന്നത് കണ്ടപ്പോഴാണ് മരണവിവരം നാട്ടുകാർ അറിയുന്നത്. വീട്ടിലേക്ക് കയറാൻ ശ്രമിച്ച അയൽക്കാരെ ഇയാൾ തടഞ്ഞു. മദ്യലഹരിയിലായിരുന്ന വിപിൻ ദാസ് മൃതദേഹം കുളിപ്പിക്കുകയും മറവുചെയ്യാൻ സ്വന്തമായി കുഴിവെട്ടുകയും ചെയ്തു.

വിപിൻ ദാസിന്റെ പ്രവൃത്തിയിൽ സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കൊവിഡ് പരിശോധനയ്ക്ക് ശേഷമേ മൃതദേഹം മറവു ചെയ്യാൻ സാധിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിക്കുകയും, തുടർന്ന് പരിശോധനയ്ക്കായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു.

പരിശോധനയ്ക്കിടെ കഴുത്തിലും വയറിലുമേറ്റ ക്ഷതം കണ്ടെത്തി. വിപിൻ ദാസും സുഹൃത്തുക്കളും വീട്ടിൽവച്ച് മദ്യപിക്കാറുണ്ടായിരുന്നെന്നും, ഇയാൾ ഓമനയെ മർദിക്കാറുണ്ടായിരുന്നെന്നും നാട്ടുകാർ പൊലീസിനോട് പറഞ്ഞു. അവിവാഹിതനായ വിപിൻദാസ് വിരമിച്ച് നാട്ടിലെത്തിയ ശേഷം അമ്മയ്‌ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്.