ക്വാർട്ടറിൽ ഇക്വഡോറിനെ 3-0ത്തിന് കീഴടക്കി അർജന്റീന കോപ്പ സെമിയിൽ
മൂന്ന് ഗോളുകൾക്ക് പിന്നിലും മെസിയുടെ മാന്ത്രിക സ്പർശം
ഗൊയാനിയ (ബ്രസീൽ) : അർജന്റീനയെന്നാൽ മെസിയാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ച ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇക്വഡോറിനെ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് കീഴടക്കി മറഡോണയുടെ പിന്മുറക്കാർ കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിന്റെ സെമിഫൈനലിലെത്തി.
ആദ്യ രണ്ടു ഗോളുകൾക്ക് വഴിയൊരുക്കിയും തകർപ്പനൊരു ഫ്രീകിക്കിലൂടെ മൂന്നാം ഗോൾ സ്വന്തമാക്കിയും സൂപ്പർതാരം ലയണൽ മെസിയാണ് അർജന്റീനിയൻ വിജയത്തിന് തിരക്കഥയെഴുതിയത്.
ആദ്യ പകുതിയിൽ റോഡ്രിഗോ ഡി പോൾ നേടിയ ഗോളിന് ലീഡ് ചെയ്ത അർജന്റീനയ്ക്കായി രണ്ടാം പകുതിയിൽ മെസിക്കൊപ്പം ലൗത്താരോ മാർട്ടിനസും സ്കോർ ചെയ്തു. അവസാനസമയത്ത് പിയേറോ ഹിൻകാപി ചുവപ്പുകാർഡ് കണ്ടു പുറത്തുപോയതിനാൽ 10 പേരുമായാണ് ഇക്വഡോർ മത്സരം പൂർത്തിയാക്കിയത്. ജൂലൈ ആറിന് ബ്രസീലിയയിൽ നടക്കുന്ന സെമി പോരാട്ടത്തിൽ കൊളംബിയയാണ് അർജന്റീനയുടെ എതിരാളികൾ. ഇന്നലെ പുലർച്ചെ നടന്ന ക്വാർട്ടർ ഫൈനലിൽ ഉറുഗ്വേയെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് കൊളംബിയ സെമിയിലേക്ക് ടിക്കറ്റെടുത്തത്.
ആദ്യ പകുതിയിൽ മെസി മാത്രമാണ് അർജന്റീന നിരയിൽ തിളങ്ങിയത്. മെസിക്കൊപ്പമെത്താൻ സഹതാരങ്ങൾക്ക് കഴിയാത്തത് ആരാധകരിൽ നിരാശപടർത്തി.രണ്ടാം പകുതിയിൽ ഇക്വഡോർ തിരിച്ചടിക്കാൻ നിരന്തരം ശ്രമിച്ചപ്പോൾ അർജന്റീന പ്രതിരോധത്തിലെ അങ്കലാപ്പുകളും ദൃശ്യമായി. എങ്കിലും 71–ാം മിനിട്ടിൽ പകരക്കാരനായി എയ്ഞ്ചൽ ഡി മരിയ കളത്തിലിറങ്ങിയതോടെ കളി മാറി. അർജന്റീനയുടെ അവസാന രണ്ടു ഗോളുകളിലും മരിയയുടെ പ്രയത്നവുമുണ്ടായിരുന്നു.
മെസി മാജിക്
അർജന്റീന നേടിയ ആദ്യ രണ്ടു ഗോളിനും വഴിയൊരുക്കിയത് മെസിയാണ്. ബോക്സിന് തൊട്ടുപുറത്തുനിന്നുള്ള ഫ്രീ കിക്കിൽ നിന്നായിരുന്നു അവസാന ഗോൾ.
ഇതോടെ ഇത്തവണത്തെ കോപ്പ അമേരിക്കയിൽ അഞ്ച് മത്സരങ്ങളിൽനിന്ന് മെസിയുടെ ആകെ ഗോൾ നേട്ടം നാലായി. നാല് അസിസ്റ്റുമുണ്ട്.
ഇതുവരെയുള്ള അഞ്ചുകളികളിൽ നാലിലും മാൻ ഓഫ് ദ് മാച്ചായതും മെസി തന്നെ.
ദേശീയ ടീമിനായി 76–ാം ഗോൾ കുറിച്ച മെസി പെലെയുടെ ഗോൾനേട്ടത്തിന് ഒരു ഗോൾ അരികിലെത്തി.