മെക്സിക്കോസിറ്റി: നടുക്കടലിൽ വൻ തീപിടിത്തം. മെക്സിക്കോയിലെ യുകാറ്റൻ ഉപദ്വീപിനോടുചേർന്ന സമുദ്രത്തിലാണ് തീപിടിത്തമുണ്ടായത്. സർക്കാർ ഉടമസ്ഥതയിലുള്ള പ്രമുഖ പെട്രോളിയം കമ്പനിയായ പെമെക്സിന്റെ കടലിനടിയിലൂടെയുള്ള എണ്ണപൈപ്പ് ലൈനിലെ വാതകച്ചോർച്ചയാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. അഞ്ചുമണിക്കൂർ കൊണ്ടാണ് തീ പൂർണമായും കെടുത്തിയത്.
പ്രാദേശിക സമയം പുലർച്ചെ അഞ്ചരയോടെയാണ് തീ പിടിത്തമുണ്ടായത്. പാഞ്ഞെത്തിയ രക്ഷാപ്രവർത്തകർ തീ കെടുത്താനുള്ള നടപടികൾ ഉടൻ ആരംഭിച്ചു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടയാണ് തീ കെടുത്തിയത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. കമ്പനിയുടെ ഉദ്പാദനത്തെയും തീ പിടിത്തം ബാധിച്ചിട്ടില്ലെന്നും കടലിൽ എണ്ണച്ചോർച്ച ഉണ്ടായിട്ടില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം. പൈപ്പ് ലൈനിന്റെ വാൽവുകൾ അടച്ചതായും അധികൃതർ വ്യക്തമാക്കി.
പെമെക്സിന്റെ ഏറ്റവും വലിയ എണ്ണപ്പാടമാണ് കടലിനുനടുവിലുളള കു മാലൂബ് സാപ്പ്. ഇവിടെനിന്നുള്ള പൈപ്പ് ലൈനിലാണ് വാതക ചോർച്ചയുണ്ടായത്. കടലിലെ തീ പിടിത്തത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തിളച്ചുപൊങ്ങുന്ന ലാവയെപ്പോലെ വൃത്താകൃതിയിലുണ്ടായ തീ പിടിത്തത്തെ അഗ്നിമിഴി എന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിച്ചത്.