രാജ്ഘട്ട്: പിറന്നാൾ ആഘോഷത്തിന് പിതാവ് പണം നൽകാത്തതിന്റെ വിഷമത്തിൽ യുവാവ് ഗംഗാ നദിയിലേക്ക് ചാടി. മകനെ രക്ഷിക്കാൻ പിന്നാലെയെത്തിയ പിതാവും നദിയിലേക്ക് ചാടി. ഉത്തർപ്രദേശിലെ വാരണാസിയിൽ മാൾവ്യ പാലത്തിന് സമീപമാണ് സംഭവം.
വെളളത്തിൽ മുങ്ങിത്താഴുകയായിരുന്ന പിതാവിനെ പാലത്തിന് ചുവട്ടിൽ പണിയെടുക്കുകയായിരുന്ന ജോലിക്കാർ രക്ഷപ്പെടുത്തി. എന്നാൽ യുവാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. സംഭവം അറിഞ്ഞ് പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പൊലീസ് നൽകുന്ന വിവരമനുസരിച്ച് അശ്വനി കേസരി എന്ന യുവാവിനെയാണ് കാണാതായത്. പിറന്നാൾ ആഘോഷത്തിന് പിതാവ് മനോജ് കേസരിയോട് 2000 രൂപ ഇയാൾ ചോദിച്ചു. എന്നാൽ ഇത് നൽകാത്തതിനെ തുടർന്ന് വീട്ടിൽ നിന്നും വഴക്കുണ്ടാക്കി പുറത്തിറങ്ങിയ അശ്വനി ഗംഗാനദിയിലേക്ക് ചാടുകയായിരുന്നു. പിന്നാലെ മനോജും.
പൊലീസ് മനോജ് കേസരിയെ ആശുപത്രിയിലെത്തിച്ചു. ഇദ്ദേഹത്തിന് ബോധം തിരികെകിട്ടി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.