തിരുവനന്തപുരം: കിറ്റെക്‌സ് നികുതി അടയ്ക്കുന്നുണ്ടോയെന്ന സാമൂഹ്യപ്രവർത്തക ധന്യ രാമന്റെ ചോദ്യത്തിന് മറുപടി നൽകി ചെയർമാൻ സാബു ജേക്കബ്. നൂറ് പേർക്കെങ്കിലും ജോലി കൊടുക്കാൻ സാധിക്കുമോയെന്ന് അദ്ദേഹം മറുചോദ്യം ചോദിച്ചു. ഒരു സ്വകാര്യ ചാനൽ സംഘടിപ്പിച്ച ചർച്ചയ്ക്കിടെയായിരുന്നു സംഭവം.
'ഞാൻ ടാക്‌സ് വെട്ടിച്ചെന്നതിന് എന്ത് രേഖയാണ് നിങ്ങളുടെ കൈയിലുള്ളത്. ഇത്രയൊക്കെ സാമർത്ഥ്യമുണ്ടല്ലോ ഒരു ആയിരം പേർക്കങ്ങട് തൊഴിൽ കൊടുക്ക്. ശമ്പളവും, ഈ പറയുന്ന സൗകര്യമൊക്കെ കാണിച്ച് ഒരു മാതൃകയായി വയ്ക്ക്.ഞങ്ങളൊക്കെ അത് അനുകരിക്കാം.
വ്യവസായം നടത്തുന്നവൻ അദ്ധ്വാനിച്ചിട്ടാ...ആരുടെയും ഔദാര്യത്തിലല്ല.രാപകലില്ലാതെ കഷ്ടപ്പെട്ടിട്ട്, ബാങ്ക് പറയുന്ന പലിശ കൊടുത്തിട്ട്, നമ്മൾ ലോൺ എടുത്ത്, ജീവിതവും കുടുംബവുമൊക്കെ പണയംവച്ചിട്ടാ വ്യവസായം നടത്തിയത്. അല്ലാതെ ഇവിടത്തെ ഉദ്യോഗസ്ഥരുടെയും ഈ പറയുന്ന സർക്കാരിന്റെയും ഔദാര്യമല്ല.'- അദ്ദേഹം പറഞ്ഞു.
സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ച 3,500 കോടി രൂപയുടെ പദ്ധതികളിൽ നിന്ന് കിറ്റെക്‌സ് ഗ്രൂപ്പ് പിന്മാറുന്നതായി സാബു ജേക്കബ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.സർക്കാരിന്റെ വിവിധ വകുപ്പുകൾ തുടർച്ചയായ പരിശോധനകൾ നടത്തി ദ്രോഹിക്കുന്നതിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു.