ന്യൂഡൽഹി: കൊവിഡിന്റെ മൂന്നാം തരംഗത്തിൽ രണ്ടാം തരംഗത്തിലുണ്ടായതിന്റെ പകുതി പ്രതിദിന രോഗികൾ മാത്രമേ ഉണ്ടാകൂവെന്ന് കൊവിഡിനെ കുറിച്ച് പഠിക്കുന്ന സർക്കാർ പാനലിലുളള ഗവേഷകൻ. എന്നാൽ രണ്ടാംഘട്ടത്തെക്കാൾ അതിവേഗമാകും മൂന്നാംഘട്ടത്തിലെ രോഗവ്യാപനം.
സയൻസ് ആന്റ് ടെക്‌നോളജി വിഭാഗം കൊവിഡ് കേസുകളുടെ ഗണിത ശാസ്‌ത്ര മാതൃകകൾ തയ്യാറാക്കാൻ രൂപീകരിച്ച പാനലിലെ വിദഗ്ദ്ധനായ മണീന്ദ്ര അഗർവാളാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ഐഐടി കാൺപൂരിലെ ഗവേഷകനാണ് അഗർവാൾ.
മൂന്നാംഘട്ടത്തിൽ പരമാവധി പ്രതിദിന രോഗികൾ രണ്ട് ലക്ഷമാകും. പുതിയ കൊവിഡ് വകഭേദമുണ്ടായാൽ രോഗം അതിവേഗം വ്യാപിക്കും. മുൻപ് കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ തീവ്രത വെളിപ്പെടുത്താത്തതിന് പാനൽ വലിയ വിമർശനം കേൾക്കേണ്ടി വന്നിരുന്നു.
മണീന്ദ്ര അഗർവാളിന് പുറമേ ഐഐടി ഹൈദരാബാദിലെ ഗവേഷകൻ എം.വിദ്യാസാഗർ, ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്‌റ്റാഫ് ഡെപ്യൂട്ടി ചീഫ് (മെഡിക്കൽ) ലഫ്.ജനറൽ മാധുരി കനിത്‌കർ എന്നിലരാണ് പാനലിലെ മറ്റ് അംഗങ്ങൾ.
മൂന്നാംഘട്ട വ്യാപനത്തെ കുറിച്ച് മൂന്ന് തരം രൂപങ്ങളാണ് സമിതി തയ്യാറാക്കിയത്. ഒന്ന് ശുഭാപ്‌തിവിശ്വാസത്തോട് കൂടിയാണ് ഓഗസ്‌റ്റ് മാസത്തോടെ കൊവിഡ് തരംഗം അവസാനിച്ച് സാധാരണ ജീവിതത്തിലേക്ക് രാജ്യം മടങ്ങും എന്നതാണത്. രണ്ടാമത് മദ്ധ്യവർത്തിയായ വിശ്വാസം. ആദ്യത്തെ വിശ്വാസത്തിൽ നിന്നും 20 ശതമാനം വാക്‌സിനേഷൻ ഫലപ്രദമല്ലാത്ത അവസ്ഥ വന്നേക്കാം എന്നതാണത്. മൂന്നാമത് അശുഭകരമായ അവസ്ഥയാണ്. ഓഗസ്‌റ്റ് മാസത്തിൽ 25 ശതമാനം കൂടുതൽ രോഗബാധ ഉണ്ടാകുന്ന അവസ്ഥയാണിത്.
ഓഗസ്‌റ്റ് പകുതിയോടെ തുടങ്ങുന്ന മൂന്നാം തരംഗം ഒക്‌ടോബർ, നവംബർ മാസങ്ങളിൽ ഉന്നതിയിലെത്തും. ഈ സമയം പ്രതിദിനം ഒന്നര ലക്ഷം മുതൽ രണ്ട് ലക്ഷം വരെ കേസുകളുണ്ടാകാം. മൂന്നാം ഘട്ട വ്യാപനത്തെ കുറിച്ചുളള പഠനഫലം വൈകാൻ കാരണം നിലവിൽ രോഗം ഭേദമായവർക്ക് രോഗപ്രതിരോധ ശേഷി വീണ്ടെടുക്കാനുണ്ടാകുന്ന താമസം. മറ്റൊന്ന് വാക്‌സിനേഷനിലൂടെ ലഭിക്കുന്ന രോഗപ്രതിരോധം. ഇവ രണ്ടും കണക്കാക്കിയെടുക്കുന്നതിലുളള താമസമാണ് കാരണമായതെന്ന് അഗർവാൾ പറയുന്നു.