paster

ഫ്ലോറിഡ: ചീങ്കണ്ണിക്ക് ഭക്തിമൂത്ത് പള്ളിയിലെത്തി. ഫ്ളോറിഡയിലെ ഒരു പള്ളിയിലെ പാസ്റ്ററുടേതാണ് ഈ അവകാശവാദം. തെളിവിനായി പള്ളിയുടെ മുറ്റത്തുനിൽക്കുന്ന ചീങ്കണ്ണിയുടെ വീഡിയോയും അദ്ദേഹം പങ്കുവച്ചു. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

പാസ്റ്റർ വിവരം അടുപ്പമുള്ള ചിലരോട് പറഞ്ഞെങ്കിലും അവരൊന്നും കാര്യമാക്കിയില്ല. തുടർന്നാണ് വീഡിയോ പുറത്തുവിട്ടത്. ദൃശ്യങ്ങൾ കണ്ടിട്ടും പലർക്കും സംഭവം ഇപ്പോഴും വിശ്വാസമായിട്ടില്ലെന്നാണ് പാസ്റ്റർ ഡാനിയേൽ ഗ്രിഗറി പറയുന്നത്.

നാലടിയിലേറെ നീളമുള്ളതാണ് പള്ളിയിലെത്തുന്ന ചീങ്കണ്ണി. പള്ളിക്ക് സമീപത്തുള്ള അഴുക്കുചാലിൽ നിന്നാണ് ചീങ്കണ്ണി ആരാധനാലയത്തിൽ എത്തുന്നത്. റോഡിലൂടെ ഇഴഞ്ഞാണ് പള്ളിമുറ്റത്തെത്തുന്നത്. അവിടെ നിരവധിപേരുണ്ടെങ്കിലും ആരെയും അത് ഉപദ്രവിക്കില്ലെന്നാണ് പാസ്റ്റർ പറയുന്നത്. ഞാൻ വരുന്നത് ഇവരെയൊന്നും കാണാനല്ല എന്ന ഭാവമാണ് ചീങ്കണ്ണിക്ക്. ആരാധന നടക്കുന്ന കൃത്യസമയത്തുതന്നെ അത് പള്ളിയിലെത്തുകയും ചെയ്യും.

സംഭവം നാട്ടിൽ പരന്നതോടെ ചീങ്കണ്ണിയോടൊപ്പം സെൽഫിയെടുക്കാൻ നിരവധി പേർ അവസരം ചോദിച്ച് എത്തുന്നുണ്ട്. ചീങ്കണ്ണിയുടെ ഭക്തിയിൽ വിശ്വാസമുള്ളതുകൊണ്ടാണോ പറയുന്നത് സത്യമാണോ എന്ന് അറിയുന്നതിനുവേണ്ടിയാണോ ഇവർ എത്തുന്നതെന്ന് അറിയില്ലെന്നാണ് പാസ്റ്റർ പറയുന്നത്.

ചീങ്കണ്ണിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കൂടുതൽപേർ ഇപ്പോൾ പള്ളിയിലെത്തുന്നുണ്ട്. ആരാധനാ സമയത്ത് ചീങ്കണ്ണി എത്താറുണ്ടെന്നും എന്നാൽ അത് ഭക്തിമൂത്താണോ എന്നറിയില്ലെന്നുമാണ് ഇവർ പറയുന്നത്.