yogi

ലക്നൗ: അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർ പ്രദേശിൽ ബിജെപിക്കുള‌ള ജനപിന്തുണ കടുകിട കുറഞ്ഞിട്ടില്ലെന്ന് തെളിഞ്ഞു. 75 ജില്ലാ പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 67 ഇടങ്ങളിലും ബിജെപിയും സഖ്യ കക്ഷികളും വിജയം നേടിയതായി പാർട്ടി അവകാശപ്പെട്ടു. യോഗി ആദിത്യനാഥിനോടോ ജനങ്ങൾക്കുള‌ള മതിപ്പിൽ മാറ്റമില്ല എന്നതാണ് ഇത് നൽകുന്ന സൂചന.

യു.പിയിൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നതിന് പകരം തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പാർട്ടികൾ പിന്തുണയ്‌ക്കുന്നതാണ് പതിവ്. ഇത്തരത്തിൽ ബിജെപി പിന്തുണച്ച സ്ഥാനാർത്ഥികൾ ബഹുഭൂരിപക്ഷവും വിജയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശസ്‌തി കൊണ്ടും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലെ സംസ്ഥാന സ‌ർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ കൊണ്ടുമാണ് പാർട്ടിക്ക് ഇത്ര വലിയ നേട്ടമുണ്ടായതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ് പറഞ്ഞു. അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇതുപോലെ വിജയിക്കുമെന്ന് സിംഗ് ആവർത്തിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.പി തിരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിൽ ആശംസകളറിയിച്ചു. ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മുന്നൂറിലേറെ സീറ്റുകൾ നേടുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രതികരിച്ചു. 22 ജില്ലാ പഞ്ചായത്ത് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് സ്ഥാനാർത്ഥികൾക്ക് എതിരില്ലായിരുന്നു. ഇതിൽ 21ഉം ബിജെപി നേടി.