ലക്‌നൗ: ക്ഷേത്രത്തിന് സമീപമിരുന്ന് മാംസം കഴിച്ചെന്നാരോപിച്ച് ശുചീകരണ തൊഴിലാളിയായ ഇരുപത്തിരണ്ടുകാരനെ തല്ലിക്കൊന്നു. പ്രവീൺ സൈനി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഗംഗ്‌നഹർ ഘട്ടിലാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു പ്രവീൺ.
പ്രവീൺ സോയബീനും റൊട്ടിയുമായിരുന്നു കഴിച്ചത്. ഇതുകണ്ട് മാംസമാണെന്ന് തെറ്റിദ്ധരിച്ചാണ് മൂന്നംഗ സംഘം പ്രവീണിനെയും സുഹൃത്തുക്കളെയും മർദിച്ചത്. വടിയും കല്ലുകളും കൊണ്ടുള്ള ആക്രമണത്തിൽ യുവാവിനും സുഹൃത്തുക്കൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ശേഷം പ്രതികൾ ബൈക്കിൽ രക്ഷപ്പെടുകയും ചെയ്തു.
പ്രതികൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ നിതിൻ സൈനികനാണ്. അവധിക്ക് നാട്ടിലെത്തിയതായിരുന്നു ഇയാൾ. ആകാശ്, അശ്വനി എന്നിവരാണ് മറ്റ് രണ്ട് പ്രതികൾ.