കോട്ടയം: കേരളാ കോൺഗ്രസ് മത്സരിച്ച 12 സീറ്റുകളിൽ പലയിടത്തും സിപിഎം പ്രവർത്തകർ തന്നെ കാലുവാരിയെന്ന് ജോസ്.കെ മാണിയുടെ പരാതിയിൽ കടുത്ത നടപടിയിലേക്ക് സിപിഎം. ഇടത് മുന്നണിയിൽ ജോസ് ഉന്നയിച്ച പരാതിയിൽ രണ്ടംഗ പാർട്ടി കമ്മിഷനെ നിയോഗിച്ച് അന്വേഷിക്കാനാണ് സിപിഎം തീരുമാനം.
പാർട്ടിക്ക് ഉറച്ച വിജയപ്രതീക്ഷയുണ്ടായിരുന്ന പാലായിലും കടുത്തുരുത്തിയിലും അപ്രതീക്ഷിതമായി പരാജയം സംഭവിച്ചത് കാലുവാരൽ കൊണ്ടാണ്. പ്രാദേശിക സിപിഎം പ്രവർത്തകരും നേതാക്കളും വേണ്ടത്ര സഹകരിച്ചില്ല. മദ്ധ്യ കേരളത്തിൽ സിപിഎം മത്സരിച്ചയിടങ്ങളിലെല്ലാം കേരളാ കോൺഗ്രസ് വോട്ടുപയോഗിച്ച് പാർട്ടി സ്ഥാനാർത്ഥികൾ ജയിച്ചു. എന്നാൽ തിരികെ ആ സഹകരണം ലഭിച്ചില്ല.തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം മുൻപ് പാലാ മുനിസിപ്പാലിറ്റിയിൽ തമ്മിലടി നടന്നതുൾപ്പടെ കമ്മീഷൻ പരിഗണിക്കാനും തീരുമാനമുണ്ട്.
പിറവം സീറ്റിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥി തോൽക്കുമെന്ന് സിപിഎമ്മിലെ പ്രാദേശിക നേതാക്കൾ തന്നെ പ്രചാരണം നടത്തി. പെരുമ്പാവൂരിലും ശത്രുക്കൾക്ക്നേതാക്കളുടെ സഹായം ലഭിച്ചു. കുറ്റ്യാടി സീറ്റ് കേരളാ കോൺഗ്രസിന് നൽകുന്നതിനെതിരെയുണ്ടായ പ്രതിഷേധത്തിന്റെ പേരിൽ കെ.പി കുഞ്ഞഹമ്മദ് കുട്ടി എംഎൽഎയ്‌ക്കെതിരെ അച്ചടക്ക നടപടി സിപിഎം സ്വീകരിച്ചത് പാർട്ടി വിഷയം ഗൗരവമായി കാണുന്നതിന്റെ സൂചനയാണ്. എല്ലാ ജില്ലകളിലും ഇത്തരത്തിൽ കമ്മിഷൻ ജോസിന്റെ പരാതിയിൽ അന്വേഷണം നടത്താനാണ് സാദ്ധ്യത.