ന്യൂഡൽഹി: കൊവിഡ് വന്ന് സുഖംപ്രാപിച്ച ശേഷം വാക്സിൻ സ്വീകരിച്ചവർക്ക് ഡെൽറ്റ വൈറസിനെതിരെ ഉയർന്ന പ്രതിരോധ ശേഷി ലഭിക്കുന്നു എന്ന് പഠന റിപ്പോർട്ട്. കൊവിഷീൽഡിന്റെ ഒന്നോ രണ്ടോ ഡോസ് വാക്സിൻ എടുത്തവരെക്കാൾ ഇത്തരക്കാരിൽ ഉയർന്ന പ്രതിരോധി ശേഷി ഉണ്ടാകുന്നു എന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) പുതിയ പഠനം തെളിയിക്കുന്നത്.
ഡെൽറ്റ വൈറസുകളെ പ്രതിരോധിക്കുന്നതിൽ ഹ്യൂമറൽ, സെല്ലുലാർ രോഗപ്രതിരോധ ശേഷി പ്രധാന പങ്ക് വഹിക്കുന്നുവെന്ന് പഠനം ചൂണ്ടി കാണിക്കുന്നു.
കൊവിഷീൽഡിന്റെ രണ്ടുഡോസ് എടുത്തവരിലും കൊവിഡ് വന്ന് സുഖം പ്രാപിച്ച ശേഷം വാക്സിൻ സ്വീകരിച്ചവരിലും , ബ്രേക്ക്‌ത്രൂ അണുബാധ ഉണ്ടായവരിലുമാണ് പഠനം നടത്തിയത്. ഇപ്പോൾ രാജ്യത്ത് ലഭ്യമായ വാക്സിനുകൾ കൊവിഡിനെതിരെ ശക്തമായ രോഗപ്രതിരോധ ശേഷി നൽകുന്നതാണെന്നും പഠനം കണ്ടെത്തി.
കൊവിഡ് വന്ന് സുഖം പ്രാപിച്ച വ്യക്തി ഒരു ഡോസ് വാക്സിൻ സ്വീകരിച്ചാൽ പോലും വീണ്ടും അണുബാധ ഉണ്ടാകുന്നത് തടയാൻ പര്യാപ്തമാണെന്നും ജനിതകമാറ്റം സംഭവിച്ച് പുതുതായി ഉണ്ടാകുന്ന വകഭേദങ്ങൾളിൽ നിന്ന് സംരക്ഷണം നൽകുന്നു എന്നും പഠനം വ്യക്തമാക്കുന്നു.
അതേസമയം, കൊവിഡിന്റെ മൂന്നാം തരംഗത്തിൽ രണ്ടാം തരംഗത്തിലുണ്ടായതിന്റെ പകുതി പ്രതിദിന രോഗികൾ മാത്രമേ ഉണ്ടാകൂവെന്ന് കൊവിഡിനെ കുറിച്ച് പഠിക്കുന്ന സർക്കാർ പാനലിലുളള ഗവേഷകൻ വ്യക്തമാക്കി. എന്നാൽ രണ്ടാംഘട്ടത്തെക്കാൾ അതിവേഗമാകും മൂന്നാംഘട്ടത്തിലെ രോഗവ്യാപനം എന്നും അദ്ദേഹം പറയന്നു. സയൻസ് ആന്റ് ടെക്‌നോളജി വിഭാഗം കൊവിഡ് കേസുകളുടെ ഗണിത ശാസ്‌ത്ര മാതൃകകൾ തയ്യാറാക്കാൻ രൂപീകരിച്ച പാനലിലെ വിദഗ്ദ്ധനായ മണീന്ദ്ര അഗർവാളാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ഐഐടി കാൺപൂരിലെ ഗവേഷകനാണ് അഗർവാൾ.
മൂന്നാംഘട്ടത്തിൽ പരമാവധി പ്രതിദിന രോഗികൾ രണ്ട് ലക്ഷമാകും. പുതിയ കൊവിഡ് വകഭേദമുണ്ടായാൽ രോഗം അതിവേഗം വ്യാപിക്കും. മുൻപ് കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ തീവ്രത വെളിപ്പെടുത്താത്തതിന് പാനൽ വലിയ വിമർശനം കേൾക്കേണ്ടി വന്നിരുന്നു.