കൊച്ചി: സി പി എമ്മിനെതിരെ വിമർശനവുമായി ചാലക്കുടി എംപി ബെന്നി ബെഹന്നാൻ. ടി പിയെ കൊല്ലാൻ സി പി എം കൊണ്ടു വന്നവരാണ് ഇപ്പോൾ സ്വർക്കടത്ത്, ക്വട്ടേഷൻ സംഘമായി ഭയാനകമായ അവസ്ഥ സൃഷ്ടിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനാണ് കൊടി സുനിക്ക് ജയിലിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നതെന്നും ആരോപിച്ചു.
'കേസിൽ ഹൈക്കോടതിയുടെ നേരിട്ടുള്ള അന്വേഷണമാണ് വേണ്ടത്. സ്വർണക്കടത്തിന് പിന്നിൽ രാഷ്ട്രീയ സ്വാധീനമുള്ളവർ ഉണ്ട്. സുനിയുടെയും ഷാഫിയുടെയും പേരുകൾ അർജുൻ ആയങ്കിയുടെ വെളിപ്പെടുത്തലിൽ ഉണ്ട്. സ്വർണക്കടത്തിൽ ഞെട്ടിക്കുന്ന വാർത്ത കേരളം കേൾക്കും. സെൻട്രൽ ജയിലുകൾ ക്വട്ടേഷൻ സംഘങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്, അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ ഭയാനകമായ അവസ്ഥ സി പി എം സൃഷ്ടിച്ചതാണ്. പ്രതികളുടെ വീടുകളിൽ നിന്ന് പോലീസിന്റെ പതക്കം കിട്ടുന്ന സാഹചര്യമാണ്. നമ്മുടെ നാട് അധോലോകത്തിന്റെ പിടിയിലായിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'കൊവിഡ് രോഗികൾ കൂടുതൽ മരിക്കുന്നത് കേരളത്തിലാണ്. മരണം മറച്ചു വയ്ക്കുന്നത് ക്രിമിനൽ ഒഫൻസാണ്. സർക്കാർ കള്ളക്കണക്ക് ഉണ്ടാക്കുന്നു. ജനകീയ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ് സർക്കാർ. കെ സുധാകരനെതിരായ വിജിലൻസ് കേസ് എടുത്ത സംഭവത്തിൽ അദ്ദേഹം കുറ്റക്കാരനണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കെ സുധാകരനോട് മുഖ്യമന്ത്രിക്ക് വിരോധമുണ്ട്. അതിനാലാണ് കേസുണ്ടാകുന്നത്. സുധാകരൻ്റെ ഡ്രൈവറുടെ പരാതി അന്വേഷിക്കുന്ന സർക്കാർ അർജുൻ ആയങ്കിയുടെ വെളിപ്പെടുത്തലും അന്വേഷിക്കണം, ബെന്നി ബെഹന്നാൻ ആവശ്യപ്പെട്ടു.