ന്യൂഡൽഹി: രാജ്യത്ത് പടരുന്ന കൊവിഡിന്റെ ഡെൽറ്റാ വകഭേദത്തിനെതിരെ കൊവിഷീൽഡ് വാക്‌സിൻ ഫലപ്രദമായത് ഏകദേശം 84 ശതമാനം പേരിലെന്ന് പഠനം. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച ഡെൽറ്റാ വേരിയന്റ് രോഗബാധിതരിൽ 16.1 ശതമാനം പേർക്ക് ശരീരത്തിൽ ആന്റിബോഡികൾ ഉണ്ടായില്ല. എന്നാൽ ഒറ്റ ഡോസ് വാക്‌സിൻ സ്വീകരിച്ചവരിൽ നിന്നും ഇത് ഭേദപ്പെട്ട ഫലമാണ്. ഒറ്റ ഡോസ് വാക്‌സിൻ സ്വീകരിച്ചവരിൽ 58.1 ശതമാനം പേർക്കും ആന്റിബോഡികളുണ്ടാിരുന്നില്ലെന്നായിരുന്നു പഠനഫലം.ഐസിഎംആറിലെ വിദഗ്ദ്ധരാണ് പഠനം നടത്തിയത്.
എന്നാൽ ഐസിഎംആർ റിപ്പോർട്ട് ഇനിയും സമഗ്ര അവലോകനം നടത്തിയിട്ടില്ല. ആന്റിബോഡികൾ കണ്ടെത്തിയില്ല എന്നത് ശരീരത്തിൽ ആന്റിബോഡികളില്ല എന്നല്ല അർത്ഥമെന്നാണ് വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗം തലവൻ ഡോ. ടി ജേക്കബ് ജോൺ പറഞ്ഞു. അവ കണ്ടെത്തിയില്ലെങ്കിലും രോഗബാധിതനായ ആളുടെ ശരീരത്തിൽ അവയുണ്ട്. അങ്ങനെ ഗുരുതരമായ രോഗബാധയിൽ നിന്നും ചെറിയ അളവിലുളള ആന്റിബോഡി സംരക്ഷണം നൽകും.
ഐ.സി.എം.ആർ നടത്തിയ പഠനം ആരോഗ്യമുളളവരുടെ ശരീരത്തിലാകാമെന്നും മുതിർന്നവരിലും ഗുരുതര രോഗമുളളവരിലും ആന്റിബോഡി സാന്നിദ്ധ്യം കൂടുതലുണ്ടാകാമെന്നും 65 വയസിന് മുകളിൽ പ്രായമുളളവർക്കും ഗുരുതര രോഗമുളളവർക്കും മൂന്നാമതൊരു ഡോസ് വാക്‌സിൻ നൽകാവുന്നതാണെന്നുമാണ് ടി.ജേക്കബ് ജോൺ പറയുന്നത്. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ജേക്കബ് ജോൺ ഇങ്ങനെ അഭിപ്രായപ്പെട്ടത്.