petrol

ജയ്‌പൂർ: രാജ്യത്ത് ഏറ്റവുമാദ്യം പെട്രോൾ വില ലിറ്ററിന് 100 രൂപയായ സംസ്ഥാനമാണ് രാജസ്ഥാൻ. ഇന്നും പെട്രോൾ വിലയിൽ ഇവിടെ ഉയർച്ച തന്നെ. ഒപ്പം പലയിടങ്ങളിലും ഡീസലിനും 100 രൂപയായി. ഇത് കൊവിഡ് മൂലം തൊഴിൽ നഷ്‌‌‌ടവും രോഗ ഭീഷണിയും നേരിടുന്ന സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റിൽ കടുത്ത ആഘാതമാണ് ഉണ്ടാക്കുന്നത്.

സംസ്ഥാനത്തെ ശ്രീ ഗംഗാനഗറിലാണ് ആദ്യമായി രാജ്യത്ത് പെട്രോൾ 100 രൂപയെത്തിയത്. ഇവിടെ ഇന്ന് 114.05 രൂപയാണ് പ്രീമിയം പെട്രോളിന്റെ വില. സാധാരണ പെട്രോളിന് 110.98 ആണ് വില. ഡീസലിന് 102.61 രൂപയാണ് ഇവിടെ. സംസ്ഥാന തലസ്ഥാനമായ ജയ്‌പൂരിൽ 109.41 രൂപയാണ് പ്രീമിയം പെട്രോൾ വില. സാധാരണ പെട്രോളിന് 106.36ഉം. ഡീസലിന് 100 രൂപയ്‌ക്കടുത്താണ്. 98.55 രൂപ.

മറ്റ് സംസ്ഥാനങ്ങളോട് ചേർന്നുകിടക്കുന്ന രാജസ്ഥാനിലെ ജില്ലകളിൽ ജനങ്ങൾ വാഹനവുമായി പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ പോയാണ് ഇന്ധനം നിറയ്‌ക്കുന്നത്. വാറ്റ് ഉൾപ്പടെ നികുതികളിൽ വരുന്ന വ്യത്യാസം കൊണ്ടാണ് പല സംസ്ഥാനങ്ങളിലും വലിയ വില അന്തരം ഇന്ധനവിലയിലുണ്ടാകുന്നത്. ഇന്ന് പെട്രോൾ 35 പൈസയും ഡീസലിന് 18 പൈസയുമാണ് വർദ്ധിച്ചത്. രാജ്യതലസ്ഥാനമായ ഡൽഹിയിലും 100 രൂപയുടെ അടുത്തെത്തി പെട്രോൾ വില. ഇവിടെ 99.51 ആണ് ഇന്നത്തെ വില. മുംബയിൽ 105.58 രൂപയാണ് ഇന്ധനവില.