മനില: സൈനികരടക്കം 96 യാത്രക്കാരടങ്ങിയ ഫിലിപ്പീൻസ് എയർഫോഴ്സിന്റെ സി -130 സൈനിക വിമാനം ഇന്നലെ രാവിലെ സുലു പ്രവിശ്യയിലെ ജോളോ ദ്വീപിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ റൺവേയിൽ നിന്ന് തെറ്റിമാറിയുണ്ടായ അപകടത്തിൽപ്പെട്ട് 45 പേർ മരിച്ചു. 40ഓളം പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. 11 പേരെ കാണാനില്ല. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.
അപകടത്തിൽ വിമാനം രണ്ടായി പിളർന്നുവെന്നാണ് വിവരം.
നിലവിൽ രാജ്യത്തുണ്ടായതിൽ വച്ചേറ്റവും വലിയ സൈനിക ദുരന്തമാണിത്. ദക്ഷിണ കഗയാനിലെ ഒറോ സിറ്റിയിൽ നിന്ന് സൈനികരെ മിൻഡനാവോ ദ്വീപിലേക്ക് മാറ്റുന്നതിനിടയിലാണ് ലോകത്തെ ഞെട്ടിച്ച ദുരന്തം സംഭവിച്ചത്.
വിമാനയാത്രക്കാരിൽ ഭൂരിഭാഗവും അടുത്തിടെ ട്രെയിനിംഗ് പൂർത്തിയാക്കിയ പുതിയ ബാച്ച് സൈനികരാണ്. ചില സൈനികർ വിമാനം തകരുന്നതിന് മുമ്പ് പുറത്തേക്ക് ചാടിയതായി സുലു ടാസ്ക് ഫോഴ്സ് മേധാവി മേജർ ജനറൽ വില്യം ഗോൺസാൽസ് പറഞ്ഞു. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയാണ്.
വിമാനം അപകടത്തിൽപ്പെട്ട പ്രദേശം സംഘർഷ ബാധിത മേഖലയാണ്. ഈ പ്രദേശത്തെ ഭീകര പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായി എത്തേണ്ടിയിരുന്ന സൈനികരാണ് അപകടത്തിൽപ്പെട്ടത്.
ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയതാണ് അപകട കാരണമെന്ന് സൈനിക മേധാവി ജനറൽ സിറിലിറ്റോ സോബെജാന മാദ്ധ്യമങ്ങളോട് പറഞ്ഞു. വിമാനം വീണ്ടും നിയന്ത്രണത്തിൽ കൊണ്ടു വരാൻ ശ്രമിച്ചെങ്കിലും നിർഭാഗ്യവശാൽ കഴിഞ്ഞില്ല. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഫിലിപ്പീൻസ് സൈനിക വക്താവ് ലഫ്റ്റനന്റ് കേണൽ മേനാർഡ് മരിയാനോ പറഞ്ഞു.
ഈ വർഷം ഫിലിപ്പീൻസിൽ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ വിമാന അപകടമാണിത്.
വളരെ നിർഭാഗ്യകരമായ അപകടമാണിത്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു.
-റോഡ്രിഗോ ഡ്യുടേർതെ,
ഫിലിപ്പീൻസ് പ്രസിഡന്റ്