gg

ദുഷാൻബേ : ലോകരാജ്യങ്ങളിൽ കൂടുതൽ കൊവിഡ് വകഭേദങ്ങൾ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ 18ന് മുകളിൽ പ്രായമുള്ള എല്ലാ പൗരന്മാരും കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കൽ നിർബന്ധമാക്കി മദ്ധ്യ ഏഷ്യൻ രാജ്യമായ താജിക്കിസ്ഥാൻ. ഇത്തരത്തിൽ വാക്സിനേഷൻ നിർബന്ധമാക്കുന്ന ലോകത്തെ ആദ്യത്തെ രാജ്യമായി താജിക്കിസ്ഥാൻ. രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇങ്ങനെയൊരു നടപടി കൈക്കൊണ്ടതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പ്രാദേശിക ക്ലിനിക്കുകൾ വഴി എല്ലാ ജനങ്ങൾക്കും വാക്സിൻ സൗജന്യമായി ലഭ്യമാക്കാനാണ് സർക്കാർ തീരുമാനം. 18 വയസിന് മുകളിലുള്ള എല്ലാവരും വാക്സിനെടുക്കണം. ഇതുവരെ എടുക്കാത്തവർ എത്രയും പെട്ടെന്ന് അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് വാക്സിനെടുക്കണമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. 9.5 മില്യൺ ജനങ്ങളുള്ള താജിക്കിസ്ഥാനിൽ 5 മാസത്തോളം പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപിക്കാൻ തുടങ്ങിയതായി രണ്ടാഴ്ച മുൻപ് സർക്കാർ സ്ഥിരീകരിച്ചിരുന്നു. ജൂൺ 21 ന് ശേഷം ഇതുവരെ 250 ലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 13,569 ആയി. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ തീരുമാനം.പുറത്തു നിന്ന് രാജ്യത്തേക്ക് വരുന്ന എല്ലാവരും മുൻകൂട്ടി കോവിഡ് പരിശോധന നടത്തി ഫലം കരുതണം. ഇവർ കൊവിഡ് നെഗറ്റീവ് ആണെങ്കിലും 10 ദിവസം ക്വാറന്റീൻ നിർബന്ധമാണ്.