ലോസ് ആഞ്ചലസ് :അമേരിക്കയിലെ കാലിഫോണിയയില്‍ കാട്ടു തീ ആളിപ്പടരുന്നു. തെക്കന്‍ കാലിഫോണിയയിലെ നാല്‍പതിനായിരം ഏക്കറിലധികം പ്രദേശങ്ങളിലേക്ക് കാട്ടുതീ വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. പ്രധാനമായും 3 തരത്തിലുള്ള കാട്ടു തീയിൽ കനത്ത നാശ നഷ്ടമാണ് രേഖപ്പെടുത്തിയത്.
സിസ്‌കിയു കൗണ്ടിയില്‍ ജൂണ്‍ 24 ന് ആരംഭിച്ച ലാവ ഫയറില്‍ 24,460 ഏക്കറോളം കത്തി നശിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഗ്നി ബാധയെ തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായി ആയിരത്തോളം പേരെയാണ് ഇവിടെ നിന്ന് മാറ്റി പാർപ്പിച്ചത്.
ക്ലമത്ത് ദേശീയ വനത്തിന് കിഴക്കായി ജൂണ്‍ 28 ന് ആരംഭിച്ച ടെനന്റ് ഫയറില്‍ 10,012 ഏക്കറോളം കത്തി നശിച്ചു.
ഇതു കൂടാതെ സാള്‍ട്ട് ഫയര്‍ മൂലം 27 വീടുകള്‍ കത്തി നശിച്ചതായി യുഎസ് ഫോറസ്റ്റ് സര്‍വീസ് പറഞ്ഞു. 7,467 ഏക്കറോളം പ്രദേശത്താണ് ഈ കാട്ടുതീ പടർന്ന് പിടിച്ചത്.
കാലിഫോണിയയില്‍ കാട്ടുതീ സാധാരണമാണെങ്കിലും, സമീപകാലത്തായി തീ നിയന്ത്രണ വിധേയമാകാൻ കാലതാമസം വരുന്നുവെന്നതാണ് പ്രധാന വെല്ലുവിളി. കാലാവസ്ഥാ വ്യതിയാനമാണ് ഇതിനുള്ള പ്രധാന കാരണമെന്നാണ് വിലയിരുത്തൽ.