vvgg

സാവോപോളോ: ഇന്ത്യയില്‍ നിന്ന് കൊവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങാനുള്ള കരാറിൽ വ്യാപക അഴിമതി നടന്നുവെന്ന ആരോപണത്തിൽ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോക്കെതിരെ അന്വേഷണം നടത്താൻ ബ്രസീൽ സുപ്രീംകോടതി ജഡ്ജി റോസ വെബര്‍ അനുമതി നല്‍കി. 32.4 കോടി ഡോളർ ചിലവിൽ 20 ദശലക്ഷം ഡോസ് വാക്സിൻ വാങ്ങാനുള്ള കരാറിൽ വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കുമായി ഫെബ്രുവരിയിലാണ് ബ്രസീൽ ഒപ്പു വച്ചത്. എന്നാൽ ഉയർന്ന വില നൽകിയാണ് വാക്സിൻ വാങ്ങുന്നതെന്നും കരാറിൽ വ്യാപകമായി അഴിമതി നടന്നിട്ടുണ്ടെന്നും ശക്തമായ ആരോപണം ഉന്നയിച്ചതിനെ തുടർന്ന് ഭാരത് ബയോടെക്കുമായുള്ള കരാര്‍ ബ്രസീല്‍ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. അഴിമതിയിൽ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോയ്ക്കും പങ്കുണ്ടെന്നാരോപിച്ച് ചില സെനറ്റർമാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതു കൂടാതെ

വാക്സിൻ ഡോസിന്റെ ശരാശരി വില ആയിരം ഇരട്ടി വർദ്ധിപ്പിക്കാനുള്ള കരാറിൽ ഒപ്പിടാൻ തനിക്ക് സമ്മർദ്ദം ഉണ്ടായിരുന്നുവെന്ന ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്റെ മൊഴിയും ബൊൽസൊനാരോയ്ക്ക് തിരിച്ചടിയായി.

ഇതിനെ തുടർന്നാണ് പ്രസിഡന്റിനെതിരെ അന്വേഷണത്തിന് സുപ്രീംകോടതി അനുമതി നല്കിയിരിക്കുന്നത്. 90 ദിവസത്തിനുള്ളിൽ സംഭവത്തിൽ തെളിവുകൾ ശേഖരിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീംകോടതി ജഡ്ജി റോസ വെബര്‍ നിർദ്ദേശം നല്കിയിരിക്കുന്നത്. ബ്രസീലിയന്‍ ഫെഡറല്‍ പ്രോസിക്യൂട്ടേഴ്‌സും കംപ്‌ട്രോളര്‍ ജനറല്‍ ഓഫിസും സംഭവത്തിൽ വെവ്വേറെ അന്വേഷണം നടത്തും. ഗവണ്‍മെന്റ് ചീഫ് വിപ്പ് റിക്കാര്‍ഡോ ബാരോസിനെതിരെയും ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാൽ ആരോപണങ്ങളെല്ലാം ബൊല്‍സൊനാരോയും ബാരോസും നിഷേധിച്ചിട്ടുണ്ട്.

വ്യാപക പ്രതിഷേധം

കൊവാക്​സിൻ വാങ്ങുന്നതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ പ്രസിഡൻറ്​ ജെയിർ ബോൽസ​നാരോക്കെതിരെ ബ്രസീലിൽ തുടർച്ചയായ മൂന്നാം ദിവസവും പ്രതിഷേധം തുടരുന്നു. ആയിരങ്ങളാണ് പ്രസിഡന്റിന്റെ രാജി ആവിശ്യപ്പെട്ട് 3 ദിവസമായി രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ബോൽസ​നാരോ​യെ ഇംപീച്ച്​ ​ ചെയ്യുക, രാജ്യത്ത് ആവശ്യത്തിന് വാക്​സിനുകൾ ലഭ്യമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയാണ്​ പ്രതിഷേധം.

അഴിമതിയാരോപണത്തിനൊപ്പം രാജ്യത്ത്​ കൊവിഡിനെ തുടർന്ന് ​ അഞ്ചുലക്ഷം പേർക്ക്​ ജീവൻ നഷ്​ടമായതുമായി ബന്ധപ്പെട്ട്​ പാർലമെൻററി അന്വേഷണം വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്. അതേ സമയം രാജ്യത്ത് കൊവിഡ് വ്യാപനം ശമനമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ബ്രസീലിൽ അരലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി എൺപത്തിയേഴ് ലക്ഷം പിന്നിട്ടു. ഇതുവരെ 5.23 ലക്ഷം പേരാണ് മരണമടഞ്ഞത്.


.