അന്വേഷണം തലസ്ഥാനത്തേക്ക്
കോട്ടയം : നഗരമദ്ധ്യത്തിൽ നാട്ടുകാരെ പേടിക്കാതെ മാസങ്ങളായി പെൺവാണിഭം നടത്തിയിരുന്ന സംഘങ്ങളുടെ മത്സരവും പോർവിളിയും കലാശിച്ചത് ക്വട്ടേഷൻ ആക്രമണത്തിൽ. കോട്ടയം ചന്തക്കടവിന് സമീപത്തെ വാടക വീടുകയറി ഗുണ്ടാ സംഘം നടത്തിയ ആക്രമണത്തിൽ രണ്ടുപേർക്ക് വെട്ടേറ്റിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് അക്ഷരനഗരിക്ക് അപമാനമായിരുന്ന പെൺവാണിഭ സംഘത്തെ പിടികൂടാൻ സഹായിച്ചത്.
കോട്ടയം കോടിമത മാർക്കറ്റിന് സമീപത്തെ വീട്ടിൽ ആക്രമണം നടത്തിയ കേസിലാണ് യുവതി അടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊൻകുന്നം കോയിപ്പളളി പുതുപ്പറമ്പിൽ വീട്ടിൽ അജ്മൽ, മല്ലപ്പള്ളി വായ്പൂർ, കുഴിക്കാട്ട് വീട്ടിൽ ശ്രുതിയെന്ന സുലേഖ എന്നിവരാണ് അറസ്റ്റിലായത്. കോടിമത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെൺവാണിഭ സംഘവും, കളത്തിപ്പടി ആനത്താനം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘവും തമ്മിലുള്ള തർക്കമാണ് രണ്ട് ദിവസം മുമ്പുണ്ടായ ക്വട്ടേഷൻ ആക്രമണത്തിൽ കലാശിച്ചത്. ആനത്താനം കേന്ദ്രം നടത്തുന്ന മാനസ് മാത്യുവിന്റെ നിർദേശ പ്രകാരം തിരുവനന്തപുരത്ത് നിന്നുള്ള ക്വട്ടേഷൻ സംഘമാണ് കോടിമതയിൽ കേന്ദ്രം നടത്തുന്ന സാൻ ജോസിനെയും കൂട്ടാളിയെയും വെട്ടിയത്.
ആക്രമണത്തിനു ശേഷം തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും കടന്ന സംഘത്തിൽപ്പെട്ട ശ്രുതിയും അജ്മലും ആനത്താനത്തെ വീട്ടിൽ എത്തിയതിന് പിന്നാലെ പൊലീസ് ഇവരെ പിന്തുടർന്ന് പിടികൂടിയതോടെയാണ് കുടിപ്പകയുടെയും ക്വട്ടേഷൻ ആക്രമണത്തിന്റെയും ചുരുളഴിഞ്ഞത്. പൊൻകുന്നം സ്വദേശി മാനസും ഏറ്റുമാനൂർ സ്വദേശി സാൻ ജോസും ഒരുമിച്ചാണ് കോട്ടയം മെഡിക്കൽ കോളേജിന് സമീപം കൊവിഡ് കാലത്തിന് മുമ്പ് പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നത്. മെഡിക്കൽ കോളേജ് പരിസരത്ത് രോഗികളും കൂട്ടിരിപ്പുകാരും ധാരാളമായി വാടകയ്ക്ക് താമസിക്കുന്നതിനാൽ അവിടെ പരിശോധനയുണ്ടാകില്ലെന്ന വിശ്വാസത്തിലായിരുന്നു അത്. എന്നാൽ, നാട്ടുകാർ പ്രശ്നമാക്കിയതോടെ ഇരുവരും കേന്ദ്രം നിർത്തി. ഇതിനിടെ വഴിപിരിഞ്ഞ മാനസ് ആനത്താനത്തും സാൻ കോടിമതയിലും കേന്ദ്രം തുടങ്ങി. ആനത്താനം കേന്ദ്രത്തിലെ പതിവുകാരെ കോടിമത സംഘം വലയിലാക്കിയതോടെ തർക്കമായി. മാനസിന്റെ കേന്ദ്രത്തിലെ യുവതികൾ കോടിമത കേന്ദ്രത്തിലേക്ക് മാറി. കോടിമതയിൽ തിരക്കേറി. ഇതോടെ സാൻ ജോസിനെ മാനസ് ഭീഷണിപ്പെടുത്തി.
ഇതിനിടെ, മാനസിന്റെ ഗൾഫിലുള്ള ഭാര്യ നാട്ടിലെത്തിയപ്പോൾ കോടിമത സംഘം ചില അശ്ലീല വീഡിയോകൾ അവർക്ക് കൈമാറി. ഇതോടെ മാനസിന്റെ വീട്ടിൽ വഴക്കായി. സാൻ ജോസും അമീർ ഖാനും ശ്രുതിയുമാണ് മാനസിന്റെ പൊൻകുന്നത്തെ വീട്ടിൽ പോയത്. അവിടെ വച്ച് മാനസുമായി കയ്യാങ്കളിയായി. കുടുംബം തകർത്തതിലും കച്ചവടം നഷ്ടമായതിലുമുള്ള വിരോധം കാരണമാണ് മാനസ് തിരിച്ചടിക്ക് ക്വട്ടേഷൻ സംഘത്തെ നിയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ എത്തിയ 10 അംഗ സംഘം നഗരത്തിലെ ഹോം സ്റ്റേയിൽ താമസിച്ചു. പിന്നീട് ഏറ്റുമാനൂരിൽ നിന്ന് വാടകയ്ക്കെടുത്ത കാറുകളിൽ കോടിമതയിൽ എത്തിയാണ് സാൻ, അമീർ എന്നിവരെ വെട്ടിയത്.
വെട്ടേറ്റവർക്ക് പരാതിയില്ല
കഥ വെളിച്ചത്താക്കിയത് പൊലീസ്
വീടുകയറിയുള്ള അക്രമം അറിഞ്ഞെത്തിയ പൊലീസ് സംഘത്തോട് പരിക്കേറ്റവരോ സ്ത്രീകളോ കാര്യങ്ങൾ തുറന്ന് പറയാൻ തയ്യാറാകാത്തതും പരസ്പര വിരുദ്ധമായ മൊഴികളും സംഭവത്തിൽ പന്തികേടുണ്ടെന്ന സംശയത്തിനിടയാക്കി.
സാൻ ജോസിനെയും അമീറിനെയും ആക്രമിച്ചപ്പോൾ അവിടെയുള്ള യുവതികളെ അക്രമികൾ ഒന്നും ചെയ്യാതിരുന്നതിലാണ് പൊലീസിന്റെ സംശയം ബലപ്പെട്ടത്. ഈ ചോദ്യത്തിനുള്ള ഉത്തരം തേടിയതാണ് നഗര മധ്യത്തിലെ അക്രമസംഭവത്തിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടിക്കാൻ പൊലീസിനെ സഹായിച്ചത്. സ്ഥലത്ത് എത്തിയപ്പോൾ തന്നെ പെൺവാണിഭ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കാരണമെന്ന് പൊലീസിന് മനസ്സിലായി.
ഇവർ പഴയ സംഘത്തിലെ ജീവനക്കാരായതിനാൽ ഒഴിവാക്കപ്പെട്ടതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഫോൺ രേഖകളിൽ നിന്ന് അക്രമികളെ കുറിച്ച് വിവരം ലഭിച്ചു. സമീപത്തെ ഹോട്ടലിലെ സി.സി ടി.വിയിൽ നിന്ന് സംഘത്തിന്റെ വിവരങ്ങളും. മൊബൈൽ ടവർ ലൊക്കേഷനുൾപ്പെടെ സൈബർ പൊലീസിൽ നിന്ന് ലഭിച്ച വിവരങ്ങൾ കൂടി വിലയിരുത്തിയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
#അന്വേഷണം തലസ്ഥാനത്തേക്ക്
കോടിമാതയിലെ അക്രമവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ പെൺവാണിഭ സംഘങ്ങളുമായി ബന്ധമുള്ള ക്വട്ടേഷൻ സംഘത്തിലാണ് പൊലീസ് അന്വേഷണം ഇപ്പോൾ എത്തിനിൽക്കുന്നത്. പൊലീസിന്റെ പിടിയിലായ ശ്രുതിയാണ് തിരുവനന്തപുരത്ത് നിന്നുള്ള ക്വട്ടേഷൻ സംഘത്തെ നിയോഗിച്ച് എതിർടീമുകളെ വരുതിയിലാക്കാൻ ശ്രമിച്ചത്. ശ്രുതിയുടെ ഫോൺ കോളുകളിൽ നിന്നും ചോദ്യം ചെയ്യലിൽ നിന്നും തലസ്ഥാനത്തെ ക്വട്ടേഷൻ സംഘത്തെപ്പറ്റി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ശ്രുതി പിടിയിലായതോടെ ക്വട്ടേഷൻ സംഘാംഗങ്ങൾ ഒളിവിൽ പോയതാണ് ഇവരെ പിടികൂടാൻ പൊലീസിന് തടസമായത്. കോട്ടയം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം ഇവരെ കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.