തിരുവനന്തപുരം : കഴക്കൂട്ടം - കാരോട് ബൈപ്പാസിന്റെ ഭാഗമായുള്ള തിരുവല്ലത്തെ ടോൾ പ്ളാസ അടുത്ത മാസം ഒന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. ഇതോടെ വിനോദസഞ്ചാര കേന്ദ്രമായ കോവളത്ത് എത്തുന്നവരും ദേശീയപാത വഴി കന്യാകുമാരിക്കും തിരികെ കൊല്ലം ഭാഗത്തേക്കും യാത്ര ചെയ്യുന്നവരുമെല്ലാം ടോൾ നൽകേണ്ടിവരും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്നവരിൽ പകുതിയും ആശ്രയിക്കുന്ന ഈ വഴിയിലാണ് ടോൾ പിരിവെന്നതാണ് പ്രത്യേകത.
ചെലവ് 12 കോടി
തിരുവല്ലം പാലത്തിൽ നിന്ന് 300 മീറ്റർ അകലെ വേങ്കറയിലാണ് ടോൾ പ്ലാസ നിർമ്മിക്കുന്നത്. 12 കോടി ചെലവിട്ട് നിർമ്മിക്കുന്ന ടോൾ പ്ളാസ ഏറെക്കുറെ പൂർത്തിയായിക്കഴിഞ്ഞു. ടോൾ പ്ളാസയിലെ കമ്പ്യൂട്ടർ, കാമറ സെൻസറുകൾ, റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ റീഡർ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ സ്ഥാപിക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഒരു വർഷം മുമ്പാണ് നിർമ്മാണം ആരംഭിച്ചത്. ദേശീയ, സംസ്ഥാന പാതകളും എം.സി റോഡും തലസ്ഥാന ജില്ലയിലുണ്ടെങ്കിലും ടോളില്ലാതെ യാത്ര ചെയ്യാവുന്ന സ്ഥലമാണ് തിരുവനന്തപുരം. തിരുവല്ലത്തെ ടോൾ പ്ളാസ പ്രവർത്തിച്ചു തുടങ്ങുന്നതോടെ അത് ഇല്ലാതാകും.
അഞ്ച് ലൈനുകൾ
അഞ്ച് ലൈനുകളാണ് ടോൾ പ്ളാസയ്‌ക്കുള്ളത്. കേരളത്തിലെ തന്നെ ആദ്യത്തെ സ്റ്റാഗേർഡ് ടൈപ്പ് ടോൾ പ്ളാസ ആയിരിക്കും ഇത്. സാധാരണ ടോൾ പ്ളാസകളിൽ ഇരുവശേത്തക്കുമുള്ള ടോൾ കേന്ദ്രങ്ങൾ അഭിമുഖമായായിരിക്കും സ്ഥിതി ചെയ്യുക. സ്‌റ്റാഗേർഡ് ടോൾ പ്ളാസയുടെ ഇരുവശത്തേക്കുമുള്ള കേന്ദ്രങ്ങൾ 100 മീറ്റർ അകലത്തിൽ രണ്ട് സ്ഥലങ്ങളിലായിരിക്കും സ്ഥിതി ചെയ്യുക. ടോൾ പ്ളാസയ്‌ക്കായി സ്ഥലം ഏറ്റെടുക്കുന്നത് കുറയ്‌ക്കുന്നതിന് വേണ്ടി കൂടിയാണ് ഇങ്ങനെയൊരു രീതി ദേശീയപാത അതോറിട്ടി അവലംബിച്ചത്. ടോൾ പ്ളാസ നടത്തിപ്പിനായി കരാറുകാരെ കണ്ടെത്താൻ ദേശീയപാത അതോറിട്ടി ടെണ്ടർ ക്ഷണിച്ചു കഴിഞ്ഞു.
നിരക്കുകൾ രണ്ടാഴ്ചയ്‌ക്കകം
ടോൾ പ്ളാസയിലെ വിവിധ വാഹനങ്ങൾക്കുള്ള നിരക്കുകൾ രണ്ടാഴ്ചയ്‌ക്കകം തീരുമാനിക്കുമെന്ന് ദേശീയപാത അതോറിട്ടി വ്യക്തമാക്കി. ഇരുചക്രവാഹനങ്ങളെയും ഓട്ടോറിക്ഷകളെയും ടോളിൽ നിന്ന് ഒഴിവാക്കും.
ആദ്യം തീരുമാനിച്ചത് ആക്കുളത്ത്
ആക്കുളത്ത് ടോൾ പ്ളാസ സ്ഥാപിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, ടെക്നോപാർക്ക് അടക്കം സ്ഥിതി ചെയ്യുന്ന ആക്കുളം മേഖലയിൽ ടോൾ പ്ളാസ സ്ഥാപിക്കുന്നത് ജോലിക്ക് പോകുന്നവരടക്കമുള്ള ദൈനംദിന യാത്രക്കാരെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ഇടപെടുകയായിരുന്നു. തുടർന്നാണ് തിരുവല്ലം - വെള്ളാർ റൂട്ടിൽ ടോൾ പ്ളാസ സ്ഥാപിക്കാൻ തീരുമാനിച്ചത്. എന്നാൽ, തിരുവല്ലവും നഗരപരിധിയിൽ സ്ഥിതി ചെയ്യുന്നതിനാൽ കോവളത്ത് നിന്ന് നഗരത്തിലേക്ക് വരുന്ന ദൈനംദിന യാത്രക്കാരെ ടോൾ പിരിവ് ബാധിക്കുമെന്ന് ദേശീയപാത അതോറിട്ടി അധികൃതർ പറയുന്നു. ഇങ്ങനെയുള്ള യാത്രക്കാർക്ക് ടോൾ നൽകുന്നത് ഒഴിവാക്കാൻ വെള്ളാർ ജംഗ്ഷനിൽ നിന്ന് മറ്റ് വഴികളിലൂടെ നഗരത്തിൽ എത്താം. അതല്ലെങ്കിൽ ദേശീയപാത അതോറിട്ടി നൽകുന്ന ഡിസ്‌കൗണ്ട് കൂപ്പണുകൾ വാങ്ങി ടോൾ പ്ളാസ വഴി യാത്ര ചെയ്യാനാകും. ടോൾ പ്ലാസ പ്രവർത്തനക്ഷമമായി കഴിഞ്ഞാൽ കൂപ്പണുകൾ അവിടെ നിന്ന് തന്നെ വാങ്ങാമെന്ന് ദേശീയപാത അതോറിട്ടി വ്യക്തമാക്കിയിട്ടുണ്ട്.
വരുമാന നഷ്ടഭീതിയും
ദേശീയപാതകളുടെ നിർമ്മാണത്തിനായി പണം കണ്ടെത്തുന്നതിൽ ടോൾ പ്ളാസകൾക്ക് വലിയൊരു പങ്കുണ്ട്. തിരുവല്ലത്ത് ടോൾ പ്ളാസ സ്ഥാപിക്കുന്നുണ്ടെങ്കിലും വരുമാനം നഷ്ടമാകുമെന്ന ആശങ്ക ദേശീയപാത അതോറിട്ടിക്കുണ്ട്. നഗരത്തിലെത്താൻ നിരവധി ഇടറോഡുകളുള്ളതിനാൽ തന്നെ ടോൾ നൽകാൻ മടിക്കുന്നവർ ഈ വഴികളിലൂടെ നഗരത്തിൽ എത്താനുള്ള സാദ്ധ്യത ദേശീയപാത അതോറിട്ടി ചൂണ്ടിക്കാട്ടുന്നുണ്ട്. നേരത്തെ പാലത്തിന് ഒരു കിലോമീറ്റർ അകലെ താൽക്കാലിക ടോൾ പ്ളാസ നിർമ്മിച്ച് പിരിവ് തുടങ്ങാൻ ദേശീയപാത അതോറിട്ടി തീരുമാനിച്ചിരുന്നു. ഇതിനായി രണ്ട് തവണ ടെൻഡറും ക്ഷണിച്ചു. എന്നാൽ, ടെൻഡർ ഏറ്റെടുക്കാൻ ഒരു കരാറുകാരൻ പോലും സന്നദ്ധരാകാത്തതോടെ അത് ഉപേക്ഷിക്കുകയായിരുന്നു. നഗരത്തിലെത്താൻ യഥേഷ്ടമുള്ള ഇടറോഡുകൾ ഉള്ളത് തന്നെയാണ് പിന്മാറാൻ കരാറുകാരെ പ്രേരിപ്പിച്ചത്.
ചുരുക്കത്തിൽ...
തിരുവല്ലം പാലത്തിന് 300 മീറ്റർ അകലെ
ഇരുവശത്തേക്കും പോകുന്ന വാഹനങ്ങൾക്ക് വ്യത്യസ്ത സ്ഥലങ്ങൾ
വിവിധതരം വാഹനങ്ങൾക്കുള്ള ടോൾ നിരക്ക് രണ്ടാഴ്‌ചയ‌്‌ക്കകം
ഇരുചക്രവാഹനങ്ങളെയും ഓട്ടോറിക്ഷകളെയും ഒഴിവാക്കും
ടോൾ പ്ളാസ പ്രവർത്തിപ്പിക്കുക കരാറുകാർ . ടെണ്ടർ വിളിച്ചു