arrest

തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ അയൽവാസിയായ അർജുൻ എന്ന 22കാരൻ അറസ്റ്റിലായി. കുട്ടിയെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് പൊലീസ് പറഞ്ഞു.

വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിലെ ദമ്പതികളുടെ ഇളയ മകളെയാണ് കഴിഞ്ഞ മാസം മുപ്പതിന് മരിച്ചനിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. ലയത്തിലെ മുറിയിൽ കെട്ടിയിട്ടിരുന്ന കയറിൽ തൂങ്ങിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

പുറത്തു പോയിരുന്ന സഹോദരൻ തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. വീട്ടിനുള്ളിൽ കളിക്കുന്നതിനിടെ കയര്‍ കഴുത്തിൽ കുരുങ്ങിയതാണ് എന്നതായിരുന്നു ആദ്യ നിഗമനം. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് പെൺകുട്ടി കടുത്ത പീഡനത്തിനു ഇരയായിരുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അർജുൻ പിടിയിലായത്.

എസ്റ്റേറ്റ് ലയത്തിലെ തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന യുവാവ് കുട്ടിയെ നാളുകളായി പിഡിപ്പിച്ചിരുന്നുവെന്നാണ് പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തല്‍. മാതാപിതാക്കൾ രാവിലെ തന്നെ ജോലിക്ക് പോകുന്നത് മുതലെടുത്തായിരുന്നു പ്രതി കുട്ടിയെ ചൂഷണം ചെയ്തിരുന്നത്. കൊലപാതക ദിവസം അർജുൻ വീട്ടിൽ എത്തി ഉപദ്രവിക്കുന്നതിനിടെ പെൺകുട്ടി ബോധരഹിതയായി വീണു. അനക്കമറ്റു കിടന്ന ആറുവയസുകാരി മരിച്ചെന്ന് കരുതിയ പ്രതി മുറിക്കുള്ളിലെ കയറിൽ കുട്ടിയെ കെട്ടി തൂക്കിയ ശേഷം കടന്നു കളയുകയായിരുവെന്നും പൊലീസ് പറഞ്ഞു. പോക്സോ ചുമത്തി കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കും.