shashi-tharoor

ന്യൂഡൽഹി: ലോക്സഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്നും ആദിർ രഞ്ജൻ ചൗദ്ധരിയെമാറ്റാൻ ആലോചിക്കുന്നതായി റിപ്പോർ‌ട്ട്. സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷ തന്ത്രത്തെ ഉത്തേജിപ്പിക്കുന്നതിനും പാർലമെന്റിൽ ഭരണ പക്ഷത്തിനെതിരെ കൂടുതൽ ശക്തമായി നിലകൊളളുന്നതിനുമാണ് പുതിയ നിയമനം. രഞ്ജന് പകരക്കാരനായി ശശി തരൂരോ മനീഷ് തിവാരിയോ വരാനാണ് കൂടുതൽ സാദ്ധ്യതയെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രഞ്ജന്റേത് മികച്ചപ്രകടനം അല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ പേരുകൾ പരിഗണിക്കുന്നത്. ബം​ഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് ഒരു സീറ്റുകൾ പോലും നേടാനാകാതെ തകർന്നടിഞ്ഞതും മാറ്റത്തെക്കുറിച്ചുളള ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. ബംഗാളിൽ നിന്നുളള നേതാവായ രഞ‍്ജനെ മാറ്റി മമത ബാനർജിയുടെ തൃണമൂലുമായി അടുപ്പമുളളയാളെ ലോക്സഭാ കക്ഷി നേതാവാക്കാനുളള സാദ്ധ്യത ഏറെയാണ്. തൃണമൂലുമായി കോൺ​ഗ്രസ് വീണ്ടും സഖ്യമുണ്ടാക്കാൻ ശ്രമിക്കുന്നതായ റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു.

പകരക്കാരനായി ഏറെ സാദ്ധ്യത കൽപിക്കുന്ന മനീഷ് തിവാരി പഞ്ചാബിലെ ആനന്ദ്പൂർ സാഹിബിൽ നിന്നുളള എം.പിയാണ്. യു.പിയിൽ വേരുകളുളള അദ്ദേഹത്തിന് മമതയുമായി നല്ല ബന്ധവുമുണ്ട്. ഒപ്പം അദ്ദേഹം ബ്രാഹ്മണനുമാണ്. അതേസമയം, കേരളത്തിൽ നിന്നുളള എം.പിയായ ശശി തരൂർ എല്ലാത്തരത്തിനും രാജ്യത്തിനാകെ അഭിമാനമാണ്. അന്താരാഷ്ട്ര വേദിയിലും പാർലമെന്റിലും അടക്കം ഏറെ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം. പാർട്ടിയിൽ ഒരു വിഭാ​ഗം രാഹുൽ ​ഗാന്ധിക്ക് വേണ്ടി നിലകൊളളുന്നുണ്ടെങ്കിലും അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പാർട്ടുകൾ പറയുന്നത്.