modi-rahul

ന്യൂഡൽഹി: റാഫേൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ ഫ്രാൻസിൽ അന്വേഷണം ആരംഭിച്ചു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺ​ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചോര്‍ കി ദാധീ (കള്ളന്റെ താടി) എന്ന അടിക്കുറിപ്പോടെ രാഹുല്‍ ഒരു ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവയ്ക്കുകയായിരുന്നു. രാഹുലിന്റെ പോസ്റ്റിന് ഇതിനോടകം ഒരുലക്ഷത്തിലേറെ ലൈക്ക് ലഭിച്ചു കഴിഞ്ഞു.

View this post on Instagram

A post shared by Rahul Gandhi (@rahulgandhi)

ഫ്രാൻസിൽ അന്വേഷണം ആരംഭിച്ചു എന്ന റിപ്പോർട്ടിന് പിന്നാലെ സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. അഴിമതി ആരോപണത്തിലെ സത്യം പുറത്തുവരാന്‍ ഏകവഴി സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കുകയാണ്. പ്രധാനമന്ത്രി മുന്നിട്ടിറങ്ങി അന്വേഷണത്തിന് ഉത്തരവിടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

റാഫേൽ ഇടപാടിലെ അഴിമതി ഇപ്പോൾ വ്യക്തമായി പുറത്ത് വന്നിട്ടുണ്ട്. ഫ്രഞ്ച് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടതോടെ കോൺഗ്രസിന്റെയും രാഹുൽ ​ഗാന്ധിയുടെയും നിലപാട് ശരിയാണെന്ന് തെളിഞ്ഞു. ഇടപാടിൽ അഴിമതിയുണ്ടെന്ന് ഫ്രഞ്ച് സർക്കാർ അംഗീകരിച്ച സാഹചര്യത്തിൽ അഴിമതി നടന്ന രാജ്യത്ത് ജെ.പി.സി അന്വേഷണം നടത്തേണ്ടതല്ലെയെന്നും കോൺ​ഗ്രസ് വക്താവ് രൺദീപ് സിം​ഗ് സുർജേവാല പ്രതികരിച്ചു.

56000 കോടി രൂപയ്ക്ക് ഫ്രാന്‍സില്‍ നിന്ന് 37 യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങിയതിൽ അഴിമതി ഉണ്ടെന്ന ആരോപണം നേരത്തെ തന്നെ ശക്തമാണ്. ഇന്ത്യയില്‍ ഈ കരാര്‍ സംബന്ധിച്ച് നേരത്തെ അന്വേഷണം നടന്നിരുന്നെങ്കിലും ക്രമക്കേട് നടന്നിട്ടില്ലെന്നാണ് സുപ്രീംകോടതിയും കണ്ടെത്തിയത്‌. ഫ്രാൻസിൽ ഈ ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് റാഫേൽ വിവാദം വീണ്ടും സജീവമാവുകയാണ്.