ന്യൂഡൽഹി: ഇന്നലെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ച അമേരിക്കയ്ക്കും പ്രസിഡന്റ് ജോ ബൈഡനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ അറിയിച്ച് സന്ദേശം അയച്ചിരുന്നു. തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് മോദി ആശംസകൾ അറിയിച്ചത്. "245ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന അമേരിക്കൻ ജനതയ്ക്ക് ആശംസകൾ. ഊർജ്ജസ്വലമായ ജനാധിപത്യ രാഷ്ട്രങ്ങളെന്ന നിലയ്ക്ക് ഇന്ത്യയും അമേരിക്കയും സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങൾ പങ്കിടുന്നു. നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തിന് ആഗോള പ്രാധാന്യമുണ്ട്," മോദി ട്വീറ്റ് ചെയ്തു.
അതേസമയം മൂന്ന് ദിവസം മുമ്പ് ശതാബ്ദി പിന്നിട്ട ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് (സി പി സി) മോദിയോ ഇന്ത്യയിലെ മറ്റ് പ്രധാന രാഷ്ട്രീയ കക്ഷികളോ ആശംസകളൊന്നും അറിയിച്ചിരുന്നില്ല. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാത്രമാണ് ഇന്ത്യൻ രാഷ്ട്രീയ നേതാക്കളുടെ ഇടയിൽ ചൈനയ്ക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട് രംഗത്തു വന്നത്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങിന് അയച്ച കത്തിൽ ചൈനയുടെ വികസനത്തിനായി മാർക്സിസത്തെയും ലെനിനിസത്തെയും ഒരു ക്രിയേറ്റീവ് സയൻസ് എന്ന നിലയിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഉപയോഗിച്ചതായി സീതാറാം യെച്ചൂരി പറയുന്നു.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപനവും ചൈന എന്ന രാഷ്ട്രത്തിന്റെ രൂപീകരണവും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത്. അതിനാൽ തന്നെ സി പി സിയുടെ ശതാബ്ദി ആഘോഷത്തിന് ഇന്ത്യൻ നേതാക്കളുടെ ഭാഗത്തു നിന്നുണ്ടായ മൗനം ചൈനയ്ക്കുള്ള ശക്തമായ സന്ദേശമായി വിലയിരുത്തപ്പെടുന്നുണ്ട്. കിഴക്കൻ ലഡാക്കിൽ അതിർത്തിപ്രശ്നവുമായി ബന്ധപ്പെട്ട് ഇന്ത്യയുടേയും ചൈനയുടേയും സൈന്യങ്ങൾ ഒരു വർഷത്തിലേറെയായി സംഘർഷത്തിന്റെ വക്കിലാണ്.
സി പി സിക്ക് എന്തു കൊണ്ട് ആശംസകൾ അറിയിച്ചില്ലെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അത് സർക്കാരുമായി ബന്ധപ്പെട്ട വിഷയമല്ലെന്ന് പറഞ്ഞ് വിദേശകാര്യ വക്താവ് ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. എന്നാൽ കഴിഞ്ഞ ഫെബ്രുവരിയിൽ വാർഷികം ആഘോഷിച്ച വിയറ്റ്നാമിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ബി ജെ പി ആശംസകളറിയിച്ച് സന്ദേശം അയച്ചിരുന്നു.
ആഗസ്റ്റ് ഒന്ന് സൈനികദിനമായും ഒക്ടോബർ ഒന്ന് ദേശീയദിനമായും ചൈന ആചരിക്കുകയാണ്. സൈനികദിനത്തിന് അയച്ചില്ലെങ്കിലും ചൈനയുടെ ദേശീയദിനത്തിനെങ്കിലും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ആശംസാ സന്ദേശം ഉണ്ടാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.