തിരുവനന്തപുരം : കടയ്ക്കാവൂരും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചു പഴകിയ മത്സ്യങ്ങളുടെ വില്പന വീണ്ടും സജീവമാകുന്നതായി പരാതി. കർണാടക, ആന്ധ്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് കണ്ടെയ്നറുകളിൽ എത്തുന്ന പഴകിയതും ഫോർമാലിൻ, അമോണിയ പോലുള്ള രസവസ്തുക്കൾ ചേർത്തതുമായ മത്സ്യമാണ് ഈ പ്രദേശങ്ങളിൽ വില്പനയ്ക്ക് എത്തുന്നത്.
രാത്രിയോടെ എത്തിക്കുന്ന മായം കലർത്തിയ മത്സ്യം ലേലം വിളിച്ചു വിൽക്കുകയാണ് പതിവ്. ഇടനിലക്കാരായ മത്സ്യക്കച്ചവടക്കാർ ചെറുവാഹനങ്ങളിലെത്തി ഈ മത്സ്യം വാങ്ങുകയും ചെറുകിട കച്ചവടക്കാർക്ക് വിൽക്കുകയും ചെയ്യും.
ലേലംവിളിയിൽ നൂറുകണക്കിന് പേരാണ് ഒരുവിധ കൊവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ പങ്കെടുക്കുന്നത്. പലപ്പോഴും റോഡ് ഗതാഗതക്കുരുക്കാക്കിയായിരിക്കും ഈ ലേലംവിളി നടക്കുക.
അഞ്ചുതെങ്ങിൽ നിന്ന് കടയ്ക്കാവൂർ, വക്കം, മണമ്പൂർ തുടങ്ങിയ പഞ്ചായത്തുകളിലും ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലുമുൾപ്പെടെ വീടുകൾ തോറും വില്പനയ്ക്ക് കൊണ്ടുവരുന്നത് ഈ പഴക്കംചെന്ന മത്സ്യങ്ങളാണ്.
അഞ്ചുതെങ്ങ് കടപ്പുറത്ത് നിന്നെന്ന വ്യാജേനയാണ് ഇവ വിപണിയിൽ എത്തിക്കുന്നത്. വിശ്വസിക്കാനായി മത്സ്യത്തിൽ കടൽ മണ്ണ് വിതറും. ഇവ വാങ്ങി കഴിക്കുന്നവർക്ക് തൊണ്ട ചൊറിച്ചിൽ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാകുന്നതായി പരാതിയുണ്ട്. എന്നാൽ ഈ മത്സ്യങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്ന് വേണ്ട നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പഴക്കം തിരിച്ചറിയാം
ഹിറ്റടിച്ച മീനും മീനിന്റെ ചെകിളയുടെ നിറമാറ്റം നോക്കി പഴക്കം കണ്ടെത്തുന്നതായിരുന്നു പഴയകാല രീതി. എന്നാൽ അറവുശാലകളിൽ നിന്ന് ശേഖരിക്കുന്ന രക്തം ചെകിളയിൽ തേച്ചു പിടിപ്പിച്ച് നിറമാറ്റമുണ്ടാകാതെ വില്പനയ്‌ക്കെത്തിക്കുന്ന പതിവുമുണ്ട്. സ്പർശനത്തിലൂടെ മീനിന്റെ പഴക്കം കണ്ടെത്തുന്നതാണ് മറ്റൊരു രീതി. മീനിൽ ബലമായി സ്പർശിച്ച ശേഷം കൈ എടുക്കമ്പോൾ പെട്ടെന്ന് പഴയ രൂപത്തിലായാൽ അധികം പഴക്കമില്ലെന്ന് കണ്ടെത്താം. രാസവസ്തു സാന്നിദ്ധ്യമുണ്ടെങ്കിൽ പതുക്കെ മാത്രമേ സ്പർശിച്ച ഭാഗം പൂർവ സ്ഥിതിയിലെത്തൂ. പഴകിയ മീനുകൾക്ക് അസ്വഭാവികമായ ഗന്ധവുമുണ്ടാകും. ഇതറിയാതിരിക്കാനും മീനിന്റെ തിളക്കം കൂട്ടാനും പാറ്റയെ തുരത്തുന്ന ഹിറ്റ് പ്രയോഗവും ചില വില്പനക്കാർ നടത്തുന്നുണ്ട്.
തിരിച്ചറിയാം മായം
മത്സ്യത്തിന്റെ സ്വഭാവിക മണം നഷ്ടപ്പെടും
മീനിന്റെ കണ്ണിന് നിറവ്യത്യാസം വരും
ഫോർമാലിൻ ചേർത്ത മീൻ കഴിച്ചാൽ ദഹനേന്ദ്രിയ വ്യവസ്ഥ, കരൾ വൃക്ക, ശ്വാസകോശം, ഹൃദയം, കേന്ദ്രനാഡീവ്യൂഹം എന്നിവയ്ക്ക് തകരാറുണ്ടാകും.