covid-vaccine-

മുക്കം: കൊവിഡ് പ്രതിരോധ വാക്സിൻ ഇതുവരെ എടുക്കാനായിട്ടില്ല കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ വടക്കേടത്തു സുനേഷ് ജോസഫിന്. പക്ഷേ, അദ്ദേഹത്തിന് ഹരിയാനയിൽ നിന്ന് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം കൈയിലെത്തി.

താങ്കളുടെ കൊവിഡ് വാക്സിന്റെ ഒന്നാം ഡോസ് വിജയകരമായി പൂർത്തിയായി എന്നറിയിച്ച് ജൂൺ 29 ന് ആണ് സുനേഷ് ജോസഫിന്റെ മൊബൈൽ ഫോണിൽ മെസ്സേജ് വന്നത്. വാക്സിൻ ചെയ്യാൻ പേര് രജിസ്റ്റർ ചെയ്തതല്ലാതെ വാക്സിൻ സ്വീകരിക്കാത്ത തനിക്ക് എങ്ങനെ ഈ മെസ്സേജ് വന്നുവെന്ന സംശയം തീർക്കാൻ ലിങ്കിൽ കയറി പ്രിന്റ് എടുത്തു നോക്കിയപ്പോൾ വാക്സിനേഷൻ സർട്ടിഫിക്കറ്റ് റെഡി. പാസ്‌പോർട്ട് നമ്പർ, പേര്, വയസ്, ബെനിഫിഷ്യറി നമ്പർ എല്ലാം വളരെ ശരി.

ഹരിയാനയിലെ പാൽറ പി.എച്ച്.സി യിൽ നിന്നു കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ചതായാണ് സർട്ടിഫിക്കറ്റിൽ. ഇനി തനിക്ക് ഒന്നാം ഡോസ് വാക്സിൻ എടുക്കാൻ കഴിയുമോ, വ്യക്തഗത വിവരങ്ങൾ ആരെങ്കിലും ചോർത്തി ഉപയോഗിച്ചോ എന്നിങ്ങനെ വല്ലാത്ത ആശങ്കയിലാണ് സുനേഷ്.