കൊല്ലം: ഫോൺ വിളിയിലൂടെ വിവാദത്തിലായ കൊല്ലം എം എല്‍ എ, മുകേഷിനെ തളളിപറയേണ്ടെന്നും അദ്ദേഹത്തിന് പൂർണ സംരക്ഷണം ഒരുക്കാനും കൊല്ലത്തെ സി പി എം നേതാക്കൾക്കിടയിൽ ധാരണ. യു ഡി എഫിന് വിജയപ്രതീക്ഷയുണ്ടായിരുന്ന കൊല്ലത്ത് മുകേഷ് വീണ്ടും ജയിച്ചത് സഹിക്കാൻ വയ്യാത്ത കോൺഗ്രസുകാർ തിരഞ്ഞെടുപ്പിന് ശേഷം നടത്തുന്ന ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണ് ഫോൺ വിളിയെന്നാണ് നേതാക്കൾ പറയുന്നത്. എന്നാൽ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധിയെന്ന നിലയിൽ മുകേഷിന് ജാഗ്രത കാട്ടാമായിരുന്നുവെന്ന പക്ഷക്കാരും പാർട്ടിയിലുണ്ട്.
സമൂഹ മാദ്ധ്യമങ്ങളിൽ മുകേഷിനെതിരെ വലിയ പ്രചാരണം നടക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിനെ തളളിപ്പറഞ്ഞ് യാതൊരു പോസ്റ്റും ഇടത് പ്രൊഫൈലിൽ നിന്ന് വന്നിട്ടില്ല. എന്നാൽ മറ്റൊരു ഫോൺ വിളി വിവാദത്തിൽപ്പെട്ട എം സി ജോസഫൈനെതിരെ സി പി എം പ്രൊഫൈലുകളിൽ നിന്നു തന്നെ പ്രതിഷേധം ഉയർന്നിരുന്നു. സംസ്ഥാനമൊട്ടാകെ ഇത്തരം നീക്കം സി പി എം, എം എൽ എമാർക്കെതിരെ നടക്കുന്നുണ്ടെന്ന് വരുത്തി തീർത്ത് ഇരവാദം ഉന്നയിക്കാനാണ് നേതാക്കൾ ശ്രമിക്കുന്നത്. അതിന്‍റെ ഭാഗമായാണ് നിലമ്പൂർ എം എൽ എ, പി വി അൻവർ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്.
സഹായം തേടിയ വിദ്യാര്‍ത്ഥിയെ വച്ച് ഗൂഢാലോചന നടത്തിയതാണെന്നും രാഷ്ട്രീയമാണ് ഇതിന് പിന്നിലെന്നുമാണ് മുകേഷ് പാർട്ടി നേതാക്കളെയടക്കം ബോധിപ്പിച്ചിരിക്കുന്നത്. ഇതിനു പിന്നിലുളളവരെ കണ്ടെത്താന്‍ പൊലീസിനും സൈബര്‍ സെല്ലിനും പരാതി നല്‍കുമെന്ന് എം എല്‍ എ അറിയിച്ചിരുന്നു.
പാലക്കാട് ഒറ്റപ്പാലത്തു നിന്ന് എം എല്‍ എയുടെ മൊബൈല്‍ഫോണിലേക്ക് വിളിച്ച വിദ്യാര്‍ത്ഥിയെ ഇനിയും കണ്ടെത്തിയിട്ടില്ല. വിദ്യാര്‍ത്ഥിയുടെ ഫോണ്‍നമ്പര്‍ വെളിപ്പെടുത്താന്‍ മുകേഷും തയ്യാറായിട്ടില്ല. കഴിഞ്ഞദിവസം കൊല്ലത്ത് ഫിഷറീസ് വകുപ്പിന്‍റെ യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് എം എൽ എ വിവാദ ഫോൺ വിളിയിൽ അകപ്പെടുന്നത്.