arrest

അഹമ്മദാബാദ്: എട്ടുവയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അമ്മയെയും ഭർതൃ സഹോദരനെയും രണ്ടുവർഷത്തിനുശേഷം പൊലീസ് അറസ്റ്റുചെയ്തു. ഗുജറാത്തിൽ അഹമ്മദാബാദിന് സമീപം വിരാംഗാമിലാണ് സഭവം. ജ്യോത്സ്ന പട്ടേൽ, ഭർതൃ സഹോദരൻ രമേഷ് പട്ടേൽ എന്നിവരാണ് പിടിയിലായത്.

രണ്ടുവർഷം മുമ്പാണ് ജ്യോത്സ്നയുടെ മകനായ ഹാർദിക് പട്ടേലിനെ കാണാതാവുന്നത്. മധുരപലഹാരം വാങ്ങാൻ കടയിൽ പോയ കുട്ടി തിരിച്ചുവന്നില്ലെന്നാണ് ജ്യോത്സ്ന പൊലീസിനോട് പറഞ്ഞത്. അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. എന്നാൽ കുട്ടിയെ കാണാതായ സംഭവത്തിൽ ബന്ധുക്കൾ ചിലർ സംശയമുന്നയിച്ച് അടുത്തിടെ പൊലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതക വിവരം പുറത്തറിഞ്ഞത്.

ജ്യോത്സ്നയും രമേഷ് പട്ടേലും തമ്മിൽ വഴിവിട്ട ബന്ധം ഉണ്ടായിരുന്നു. എന്നാൽ കുടുംബത്തിലെ ആരും ഇക്കാര്യം അറിഞ്ഞിരുന്നില്ല. കുട്ടി ഇരുവരെയും അരുതാത്ത സാഹചര്യത്തിൽ പലപ്പോഴും കണ്ടിരുന്നു. ഇക്കാര്യം പുറത്തറിഞ്ഞാൽ തങ്ങളുടെ ബന്ധത്തിന് തടസമാകുമെന്ന് ഭയന്നാണ് ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.. വീടിന് കുറച്ചകലെയുള്ള പാടത്തേക്ക് കുട്ടിയെ ആരും കാണാതെ കൊണ്ടുപോയശേഷം കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം അവിടെ ഉപേക്ഷിച്ച് പോന്നു. കുറച്ചുദിവസങ്ങൾക്കുശേഷം വീണ്ടും കൃഷിയിടത്തിലെത്തിയ രമേഷ് അഴുകിത്തുടങ്ങിയ മൃതദേഹം തൊട്ടടുത്തുള്ള അഴുക്കുചാലിലേക്ക് വലിച്ചെറിയുകയായിരുന്നു.