patra

ന്യൂഡൽഹി: കോൺഗ്രസിന് മറ്റൊരു അഴിമതി കൂടി നടത്താനുള്ള അവസരം നശിപ്പിച്ചതിലുള്ള വിരോധമാണ് റാഫേൽ വിമാനങ്ങളുടെ കരാറിൽ ക്രമകേട് നടന്നിട്ടുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിനുപിന്നിലെന്ന് ബി ജെ പി വക്താവ് സംബിത് പത്ര. കോൺഗ്രസ് ഭരിച്ച പത്ത് വർഷവും വ്യോമസേന വളരെ ദുർബലമായിരുന്നു. എന്നിട്ടും റാഫേൽ വിമാനങ്ങൾ കോൺഗ്രസ് സർക്കാർ വാങ്ങിക്കാൻ മടിച്ചു നിന്നത് ആവശ്യമായ കമ്മീഷൻ കിട്ടാത്തത് കൊണ്ടാണ് സംബിത് പത്ര ആരോപിച്ചു.

സി എ ജിയുടേയും സുപ്രീം കോടതിയുടേയും കർശന നിരീക്ഷണത്തിനു കീഴിലാണ് റാഫേൽ വിമാനങ്ങൾ വാങ്ങിക്കുവാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതെന്നും വില നിർണയം അടക്കമുള്ള എല്ലാ നടപടിക്രമങ്ങളും കർശന നിരീക്ഷണത്തിനു കീഴിലാണ് പൂർത്തിയാക്കിയതെന്നും അദ്ദേഹം മാദ്ധ്യമങ്ങളെ അറിയിച്ചു.

അനാവശ്യമായ വിവാദങ്ങളിലേക്ക് പ്രധാനമന്ത്രിയേയും കേന്ദ്രസർക്കാരിനേയും വലിച്ചിഴയ്ക്കുക എന്ന പണ്ട് മുതലേയുള്ള തന്ത്രത്തിലേക്കാണ് കോൺഗ്രസ് മടങ്ങിപോകുന്നത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്നെ ഈ തന്ത്രങ്ങൾ വിജയിക്കില്ലെന്ന് ജനങ്ങൾ കാണിച്ചു കൊടുത്തതാണ്. കോൺഗ്രസിന്റെ ആരോപണങ്ങൾ ഓട്ടപാത്രത്തിൽ വെള്ളം നിറയ്ക്കുന്നതു പോലെയാണ്, സംബിത് പത്ര പറഞ്ഞു.