currency

മുംബയ്: മഹാരാഷ്ട്രയിൽ ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഖാഡി സർക്കാർ കഴിഞ്ഞ 16 മാസത്തിനുള്ളിൽ പരസ്യങ്ങൾക്കു വേണ്ടി മാത്രം ചിലവഴിച്ചത് 155 കോടി രൂപ. പൊതുപ്രവർത്തകനായ അനിൽ ഗൽഗാലി വിവരാവകാശ നിയമം വഴി സമർപ്പിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് ഇത് വ്യക്തമാക്കുന്നത്. 2019 ഡിസംബർ 11 മുതൽ 2021 മാർച്ച് 12 വരെയുള്ള കാലഘട്ടത്തിൽ സർക്കാരുമായി ബന്ധപ്പെട്ട പരസ്യങ്ങൾക്കു വേണ്ടി ചിലവാക്കിയ തുകയാണ് ഇത്. 2019 നവംബർ 28നാണ് ഉദ്ദവ് താക്കറേയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഖാഡി സർക്കാർ മഹാരാഷ്ട്രയിൽ അധികാരം ഏറ്റെടുക്കുന്നത്.

2020ൽ 104.55 കോടി രൂപയാണ് 26 വിഭാഗങ്ങളിലായി പരസ്യത്തിനു വേണ്ടി ചിലവിട്ടത്. അതിൽ 5.96 കോടി വനിതാ ദിനത്തിലെ പ്രചാരണത്തിനു വേണ്ടിയും 9.99 കോടി പാടം ഡിപാർട്ടമെന്റിനു വേണ്ടിയും 19.92 കോടി ദേശീയ ആരോഗ്യ മിഷനു വേണ്ടിയുമാണ് ചിലവാക്കിയിരിക്കുന്നത്. 22.65 കോടി രൂപ സർക്കാരിന്റെ വിവിധ വികസന പരിപാടികളുടെ പ്രചാരണത്തിനു വേണ്ടിയാണ് വിനിയോഗിച്ചിട്ടുള്ളത്. അതിൽ തന്നെ 1.15 കോടി സാമൂഹിക മാദ്ധ്യമങ്ങളിലെ പ്രചാരണത്തിനു വേണ്ടിയായിരുന്നു ചിലവിട്ടത്. 2021ൽ മാർച്ച് 12 വരെ 29.79 കോടി രൂപ സർക്കാരിന്റെ വിവിധ ഡിപാർട്ട്മെന്റുകൾ പരസ്യത്തിനു വേണ്ടി ചിലവാക്കിയിട്ടുണ്ട്.