നഗരത്തിലെ തിരക്കേറിയ പാതയ്ക്കരികിൽ ആ യാചകൻ തന്റെ ജീവിതം നിലനിർത്താനുള്ള അന്നം കണ്ടെത്തി. സ്ഥിരമായി അവിടെ ഭിക്ഷ യാചിക്കാൻ ഇടം പിടിച്ച അയാൾക്ക് വൈകുന്നേരമാകുമ്പോൾ കുറെ അരിമണികളും നാണയത്തുട്ടുകളും കിട്ടുമായിരുന്നു. നാണയത്തുട്ടുകൾ കൊണ്ട് അയാൾ വിറക് വാങ്ങി ആ അരിമണികൾ പാകം ചെയ്തു ഭക്ഷിച്ചു വിശപ്പടക്കി.
അതിദയനീയമായ ദാരിദ്ര്യത്തിലും അയാൾ സന്തുഷ്ടനായിരുന്നു. ജീവൻ നിലനിർത്തിപ്പോകാൻ കഴിയുന്നതായിരുന്നു അയാളുടെ ഏറ്റവും വലിയ സന്തോഷം. അങ്ങനെയിരിക്കേ അയാൾ ഒരു വാർത്തകേട്ടു. രാജാവ് ജനങ്ങളെ കാണാൻ നേരിട്ട് പട്ടണത്തിലേക്ക് വരുന്നു. ഉദാരമതിയും പ്രജാക്ഷേമതത്പരനും സൗമ്യനുമായ ആ രാജാവ് ജനകീയനായിരുന്നു. അദ്ദേഹത്തിന്റെ സത്കീർത്തി മറ്റു രാജ്യങ്ങളിൽ പോലും എത്തിയിരുന്നു. പലപ്പോഴും യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ലാതെ വേഷപ്രച്ഛന്നനായി അദ്ദേഹം ജനങ്ങളുടെ ക്ഷേമം അന്വേഷിക്കാൻ തെരുവുകളിൽ അലഞ്ഞു നടക്കുമായിരുന്നു.
അങ്ങനെ പ്രജാക്ഷേമതത്പരനും ഉദാരമതിയുമായ രാജാവ് വരുന്നു എന്നറിഞ്ഞപ്പോൾ നമ്മുടെ യാചകന്റെയുള്ളിൽ ഒരാഗ്രഹം മുളപൊട്ടി. അദ്ദേഹം കാണത്തക്കവിധം വഴിയരുകിൽ ഇരുന്നാൽ എനിക്കും എന്തെങ്കിലും തരാതിരിക്കില്ല. അങ്ങനെ ഉത്സാഹവാനായി അയാൾ രാജാവ് വരുന്നതിന്റെ തലേദിവസം തന്നെ രാജാപാതയുടെ അരികിൽ രാജാവിന്റെ ശ്രദ്ധയിൽ പെടത്തക്കവിധം ഇരിക്കാനുള്ള ഒരു സ്ഥലം കണ്ടെത്തി. തന്റെ ഭിക്ഷാപാത്രവുമായി അയാൾ അന്ന് രാവിലെ മുതൽക്കേ അവിടെ കാത്തിരുന്നു.
ഇതൊക്കെയാണെങ്കിലും അയാൾ രാജാവിൽ നിന്ന് വലിയ സമ്മാനങ്ങൾ ഒന്നും പ്രതീക്ഷിച്ചില്ല. ഒരു യാചകനെ സംബന്ധിച്ചിടത്തോളം വലിയ ആഗ്രഹങ്ങൾക്ക് പ്രസക്തിയില്ല. ചിലപ്പോൾ അദ്ദേഹം തന്നോട് ദയ തോന്നി ഒരു നാണയം തന്നാലോ? അതുമാത്രമായിരുന്നു അയാളുടെ ചിന്ത.
എന്നാൽ അയാളെ ഞെട്ടിച്ചുകൊണ്ട് ഒരു സംഭവമുണ്ടായി. രാജാവിന്റെ പല്ലക്ക് അയാളുടെ മുന്നിൽ നിറുത്തി. അംഗരക്ഷകരുടെ അകമ്പടിയോടെ രാജാവ് പല്ലക്കിൽ നിന്നിറങ്ങി. അയാളുടെ അരികിൽ എത്തി.
പുഞ്ചിരിയോടെ കൈനീട്ടിക്കൊണ്ട് രാജാവ് യാചകനോട് ചോദിച്ചു: ''പ്രിയസുഹൃത്തേ എനിക്ക് അങ്ങയുടെ കൈയിലുള്ള അരിയിൽ നിന്ന് കുറച്ചുതരാമോ?""
യാചകന് ഒരു നിമിഷം സ്ഥലകാലബോധം നഷ്ടപ്പെട്ടു. അയാൾക്ക് രാജാവിന്റെ ചോദ്യം അവിശ്വസനീയമായിത്തോന്നി. രാജാവ് വീണ്ടും ചോദിച്ചു: ''എനിക്ക് കുറച്ച് അരി തരാമോ സുഹൃത്തേ?""
അയാൾ തന്റെ പാത്രത്തിലേക്ക് നോക്കി. കുറച്ച് അരിമാത്രമേ ഉള്ളൂ. ഇത് മുഴുവൻ രാജാവിന് കൊടുത്താൽ ഞാൻ പട്ടിണി ആകില്ലേ. രാജാവിന് കൗതുകം തോന്നിയായിരിക്കണം അരി ചോദിച്ചത്. അദ്ദേഹത്തിന് എന്തിനാണ് ഈ ഭിക്ഷക്കാരന്റെ ധാന്യം? അതുകൊണ്ട് അയാൾ അഞ്ച് അരിമണികൾ പെറുക്കി രാജാവിന്റെ കൈയിൽ കൊടുത്തു.
രാജാവ് അയാൾക്ക് നന്ദി പറഞ്ഞ് ചിരിച്ചുകൊണ്ട് തന്റെ പല്ലക്കിൽ കയറി അപ്രത്യക്ഷനായി. യാചകൻ ആകെ ചിന്താകുഴപ്പത്തിലായി.
രാത്രിയിൽ അന്നത്തെ അന്നം തയ്യാറാക്കാൻ അയാൾ അടുപ്പു കത്തിച്ചു. ഭിക്ഷാപാത്രത്തിൽ ശേഷിച്ചിരുന്ന അരിമണികൾ എടുത്ത് അടുപ്പിലെ പാത്രത്തിലേക്ക് ഇടാൻ പോയപ്പോഴാണ് എന്തോ കിലുങ്ങുന്ന ശബ്ദം കേട്ടത്. അയാൾ അത്ഭുതസ്തബ്ധനായി. അത് സ്വർണനാണയങ്ങൾ ആയിരുന്നു. അഞ്ചു സ്വർണനാണയങ്ങൾ.
അപ്പോൾ അയാൾ നഷ്ടബോധത്തോടെ ഓർത്തു.
'' ഞാൻ അഞ്ച് അരിമണികൾ കൊടുത്തപ്പോൾ രാജാവ് എനിക്ക് അഞ്ച് സ്വർണനാണയങ്ങൾ തന്നു. കൂടുതൽ കൊടുത്തിരുന്നുവെങ്കിൽ കൂടുതൽ തന്നേനെ.""
യാചകൻ ആയിരുന്നെങ്കിലും അയാളുടെ മനോഭാവം പരീക്ഷിക്കപ്പെടുകയാണ് ചെയ്തത്. രാജാവ് അരി ചോദിച്ചപ്പോൾ ഒട്ടും അമാന്തിക്കാതെ പൂർണവിശ്വാസത്തോടെയും സന്തോഷത്തോടെയും ആ പാത്രത്തിലുണ്ടായിരുന്ന അരി അയാൾക്ക് രാജാവിന് കൊടുക്കാൻ കഴിഞ്ഞില്ല. സ്വാർത്ഥതയുടെയും സ്വന്തം സൗഖ്യത്തിന്റെയും ചിന്തയായിരുന്നു അപ്പോൾ അയാളുടെ മനസിൽ. അപ്പോൾ കൊടുത്തതെന്താണോ അതിന് തക്ക പ്രതിഫലവും അയാൾക്ക് കിട്ടി. അഞ്ച് അരിമണികൾക്ക് പകരം അഞ്ച് സ്വർണനാണയങ്ങൾ.
നമ്മുടെയൊക്കെ ജീവിതത്തിൽ ഇത് സംഭവിക്കുന്നതാണ്. നമുക്ക് സഹായവും കരുതലും ആവശ്യമുള്ളപ്പോൾ നമുക്ക് മറ്റൊരാളെ പൂർണ്ണ മനസോടെ സഹായിക്കാനും നമുക്ക് വേണ്ടപ്പെട്ടതൊക്കെ ത്യജിക്കാനും കഴിയുമോ എന്നതാണ്. അങ്ങനെ പൂർണമായും നിസ്വാർത്ഥരായി തീരാൻ പലർക്കും കഴിയുകയില്ല. എന്നാൽ അങ്ങനെ കഴിയുന്ന അപൂർവ ജന്മങ്ങളുണ്ട്. അവർക്ക് പ്രകൃതി എപ്പോഴെങ്കിലും കൊടുത്തതിനേക്കാൾ കൂടുതലായി അനുഗ്രഹം വർഷിക്കും.
അതുകൊണ്ട് കൊടുക്കുന്നതേ കിട്ടൂ എന്നത് വെറും പഴമൊഴിയല്ല എന്ന് മനസിലാക്കുക. നമ്മുടെ ദീനാവസ്ഥയിലും കൊടുക്കാൻ കഴിയുന്നതൊക്കെ കൊടുക്കുക. അതാണ് സന്തോഷത്തിലേക്കുള്ള വിദൂരമാർഗം.