ആഗ്ര: യുവതിയെ ആൾമാറാട്ടം നടത്തി വിവാഹം കഴിക്കുകയും മതം മാറ്റാൻ ശ്രമിക്കുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ലക്നൗ സ്വദേശിയും തടിവ്യാപാരിയുമായ ആരിഫ് ഹാഷ്മിയാണ് അറസ്റ്റിലായത്. നിർബന്ധിത മതപരിവർത്തന നിരോധന നിമയപ്രകാരമാണ് അറസ്റ്റ്. തന്റെ പേര് ആദിത്യ ആര്യ എന്നാണെന്നാണ് ആരിഫ് യുവതിയോടും വീട്ടുകാരോടും പറഞ്ഞിരുന്നത്. വിരമിച്ച ഐ എ എസ് ഉദ്യോഗസ്ഥന്റെ മകളെയാണ് ഇയാൾ വിവാഹം കഴിച്ചത്.
2005ൽ യുവതിയുടെ ആദ്യ ഭർത്താവ് മരിച്ചു. തുടർന്ന് യുവതി ആരിഫുമായി സൗഹൃദത്തിലായി.ഹിന്ദുവാണ് എന്ന ഇയാളുടെ വാക്കിൽ വിശ്വസിച്ചാണ് സൗഹൃദം തുടങ്ങിയത്. 2010 ലായിരുന്നു ഇവർ തമ്മിലുള്ള വിവാഹം. ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ ആരിഫിന്റെ യഥാർത്ഥ വ്യക്തിത്വം യുവതിക്ക് മനസിലായി. ഇതോടെ മതം മാറാൻ നിർബന്ധിക്കാൻ തുടങ്ങി. ഇതിനൊപ്പം പണം ആവശ്യപ്പെട്ടുള്ള പീഡനവും തുടങ്ങി. മതം മാറാൻ തയ്യാറാവാത്തതിനെ തുടർന്ന് ക്രൂരപീഡനങ്ങളാണ് ഏൽക്കേണ്ടിവന്നതെന്നാണ് യുവതി പരാതിയിൽ പറയുന്നത്.
യുവതിയുടെ പരാതിയെത്തുടർന്ന് കഴിഞ്ഞദിവസമായിരുന്നു ആരിഫിനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് നടത്തിയ പരിശോധനയിൽ സമാജ്‌വാദി പാർട്ടിയുടെയും ആം ആദ്മി പാർട്ടിയുടെയും ഉന്നത നേതാക്കൾക്കൊപ്പം ഇയാൾ നിൽക്കുന്ന ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്. തട്ടിപ്പിനുവേണ്ടി ഉണ്ടാക്കിയതാണോ ചിത്രങ്ങൾ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.